ഒടുവിൽ പണപ്പെട്ടി തുറന്ന് ട്രംപ്; ഹൗസ് സീറ്റുകൾ നിലനിർത്താൻ കോടികൾ അനുവദിച്ച് പ്രസിഡന്റ്, പാർട്ടി നേരിടുന്നത് കനത്ത വെല്ലുവിളി

വാഷിംഗ്ടൺ: വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പിന്തുണയുമായി മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ സഹായിക്കുന്നതിനായി ട്രംപിന്റെ രാഷ്ട്രീയ ഫണ്ടിൽ നിന്ന് ഏകദേശം 30 ദശലക്ഷം ഡോളറാണ് വിവിധ ഹൗസ് മത്സരങ്ങളിലേക്ക് നൽകിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ് ഈ അടിയന്തര നീക്കം.

അമേരിക്കൻ കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്തുന്നതിനായി ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ നേരിട്ട് ട്രംപിനോട് കൂടുതൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് ഫണ്ട് അനുവദിച്ചത്. അരിസോണ, ഒഹായോ, ഫ്ലോറിഡ, വിസ്കോൺസിൻ തുടങ്ങിയ പരമ്പരാഗതമായി റിപ്പബ്ലിക്കൻ സ്വാധീനമുള്ള മേഖലകളിൽ പോലും പാർട്ടി സ്ഥാനാർത്ഥികൾ കടുത്ത മത്സരത്തെയാണ് നേരിടുന്നത്. ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ ഈ സുരക്ഷിത സീറ്റുകൾ നിലനിർത്താൻ റിപ്പബ്ലിക്കൻ ക്യാമ്പയിൻ പ്രവർത്തകർ കഠിന പരിശ്രമത്തിലാണ്.

അതിനിടെ, ഫ്ലോറിഡയിലെ ചില സിറ്റിങ് എംപിമാരുടെ സുരക്ഷിതമെന്ന് കരുതിയ സീറ്റുകളിൽ പോലും വിജയം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് ഡോളറാണ് റിപ്പബ്ലിക്കൻ ഗ്രൂപ്പുകൾ ചെലവഴിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കുന്നതിൽ നിലവിലുള്ള അനിശ്ചിതത്വവും ട്രംപ് ഭരണകൂടത്തിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക റിപ്പബ്ലിക്കൻ നേതൃത്വത്തിനിടയിലുണ്ട്. എങ്കിലും പാർട്ടി ഭൂരിപക്ഷം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് സ്പീക്കർ മൈക്ക് ജോൺസണും മറ്റ് മുതിർന്ന നേതാക്കളും.

More Stories from this section

family-dental
witywide