സെലെൻസ്‌കിയും സ്ഥിരീകരിച്ചു, യുക്രെയ്നിൽ സ്റ്റാർലിങ്ക് സേവനം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി പ്രതിരോധ മന്ത്രി; വേഗതയിലെ നിയന്ത്രണങ്ങൾ നീക്കി

കീവ്: യുക്രെയ്നിൽ ഡ്രോണുകൾക്കും മറ്റ് അതിവേഗ ഉപകരണങ്ങൾക്കുമുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് കണക്ഷൻ പൂർണ്ണമായി പുനഃസ്ഥാപിച്ചതായി പ്രതിരോധ മന്ത്രി യെവ്ഹെനി ക്മാറ ശനിയാഴ്ച വ്യക്തമാക്കി. ഫ്രണ്ട്‌ലൈൻ പ്രവർത്തനങ്ങളെ രണ്ടാഴ്ചയോളമായി തടസ്സപ്പെടുത്തിയിരുന്ന വേഗത സംബന്ധിച്ച നിയന്ത്രണങ്ങളാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

മണിക്കൂറിൽ 250 മൈലിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളിൽ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയാണ് ലഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മോണിറ്ററിംഗ് സംവിധാനങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റാർലിങ്കും സ്റ്റാർഷീൽഡും കൃത്യമായ വേഗതയിലാണ് പ്രവർത്തിക്കുന്നതെന്ന് യുക്രേനിയൻ പ്രസിഡന്‍റ് വ്‌ളോഡിമിർ സെലെൻസ്‌കിയും ശനിയാഴ്ച സ്ഥിരീകരിച്ചു. “ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമായ വേഗത ലഭിക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിക്കൽ നടപടികൾ ആരംഭിച്ചു, രാവിലെയോടെ തന്നെ കണക്ഷൻ പൂർണ്ണമായി ലഭ്യമായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്” എന്ന് സെലെൻസ്‌കി പ്രതികരിച്ചു.

റഷ്യ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ഇറാൻ നിർമ്മിത ഷഹെദ് ഡ്രോണുകളിൽ നിന്ന് യുക്രെയ്നെ പ്രതിരോധിക്കുന്നതിനും ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്‌സിനും ഇത് ഏറെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രേനിയൻ സൈന്യത്തിന്റെ ഡ്രോൺ പ്രവർത്തനങ്ങളുടെയും ആശയവിനിമയത്തിന്റെയും നട്ടെല്ലായ സ്പേസ് എക്സിന്റെ സൈനിക ഗ്രേഡ് സംവിധാനമായ സ്റ്റാർഷീൽഡിൽ കഴിഞ്ഞ ആഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സൈനിക ഉദ്യോഗസ്ഥരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് ദൂതന്മാർ പുതിയ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഈ പുനഃസ്ഥാപനം. അടുത്ത മാസം വാഷിംഗ്ടണും കീവും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ബുധനാഴ്ച റഷ്യ സമ്മതിച്ചിരുന്നു. ഇതിന് പുറമെ, യുക്രെയ്ന്‍റെ തെക്കൻ ഖെർസൺ പ്രവിശ്യയിലെ ഒലേഷ്കി പ്രദേശത്ത് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മധ്യസ്ഥതയിൽ പ്രാദേശിക വെടിനിർത്തലിനും വെള്ളിയാഴ്ച കീവും മോസ്കോയും സമ്മതിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide