
വാഷിംഗ്ടൺ: ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ വിവേക് രാമസ്വാമിയുടെ പുതിയ പരസ്യത്തിനെതിരെ വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്തി. തന്റെ ഡെമോക്രാറ്റിക് എതിരാളിയായ ആമി ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തി വിവേക് രാമസ്വാമി പുറത്തിറക്കിയ വിവാദ പരസ്യം മിതവാദികളായ വോട്ടർമാരെയും സ്വതന്ത്രരെയും പാർട്ടിയിൽ നിന്ന് അകറ്റുന്നതായി വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശൈലി അനുകരിച്ചുകൊണ്ട് വിവേക് രാമസ്വാമി നടത്തുന്ന പ്രചാരണങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഇത് ഉയർത്തുന്നത്.
തന്റെ മകൾ ഒരു കള്ളിയാണെന്നും വോട്ടർമാർ അവരെ തള്ളിക്കളയണമെന്നും ആമി ആക്ടന്റെ അകന്നുകഴിയുന്ന അമ്മ പറയുന്നതാണ് പരസ്യത്തിലുള്ളത്. എന്നാൽ തനിക്ക് 12 വയസ്സുള്ളപ്പോൾ അമ്മയ്ക്ക് കസ്റ്റഡി നഷ്ടപ്പെട്ടതുമുതൽ താൻ അവരെ കണ്ടിട്ടില്ലെന്ന് ആമി ആക്ടൻ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് രണ്ടാനച്ഛൻ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചുള്ള സംഭവങ്ങളും ഇതിനിടയിൽ ചർച്ചയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവാദ പരസ്യം സ്ത്രീ വോട്ടർമാരുടെയും മിതവാദികളുടെയും ഇടയിൽ വലിയ എതിർപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരസ്യത്തിനെതിരെ സ്വതന്ത്ര വോട്ടർമാരും ചില റിപ്പബ്ലിക്കൻ പിന്തുണക്കാരുമാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇത് സ്ഥാനാർത്ഥിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും രാഷ്ട്രീയത്തിൽ ഇത്തരം ശൈലികൾ അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം, ഒഹായോയുടെ കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങളിൽ എതിർപ്പുള്ള കടുത്ത ട്രംപ് അനുകൂലികൾ വിവേക് രാമസ്വാമിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ട്രംപ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഒഹായോയിൽ ഈ വിവാദം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം.













