
ന്യൂ ഹാംഷെയർ: മുൻ ന്യൂയോർക്ക് സിറ്റി മേയറും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അഭിഭാഷകനുമായിരുന്ന റൂഡി ഗില്ലിയാനിക്ക് ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിനടുത്ത് വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റു. ഗില്ലിയാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം വാടകയ്‌ക്കെടുത്ത കാറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്ന് അതിവേഗത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗില്ലിയാനിക്ക് നട്ടെല്ലിന് പൊട്ടലും മറ്റ് മുറിവുകളും സംഭവിച്ചതായി വക്താവ് മൈക്കിൾ റാഗുസ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
81-കാരനായ ഗില്ലിയാനിയെ സമീപത്തെ ട്രോമ സെന്‍ററിലേക്ക് മാറ്റുകയും നട്ടെല്ലിനും കൈക്കും കാലിനും ഏറ്റ പരിക്കുകൾക്ക് ചികിത്സ നൽകി വരികയാണെന്ന് റാഗുസ പറഞ്ഞു. അപകടത്തിന് മുൻപ് ഗാർഹിക പീഡനത്തിന് ഇരയായ ഒരു സ്ത്രീ ഗില്ലിയാനിയുടെ സഹായം തേടിയിരുന്നു. തുടർന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയ ശേഷം ഗില്ലിയാനി യാത്ര തുടർന്നു.
ഹൈവേയിലേക്ക് കയറിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഈ അപകടം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് റാഗുസ അസോസിയേറ്റഡ് പ്രസ്സിന് ഇ-മെയിൽ വഴി അയച്ച പ്രസ്താവനയിൽ പറഞ്ഞു. ഗില്ലിയാനി സുഖമായിരിക്കുന്നെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും റാഗുസ കൂട്ടിച്ചേർത്തു. 2001 സെപ്റ്റംബർ 11ലെ ആക്രമണത്തിന് ശേഷം ന്യൂയോർക്കിൽ കാണിച്ച നേതൃത്വപാടവം കാരണം “അമേരിക്കയുടെ മേയർ” എന്നാണ് ഗില്ലിയാനി അറിയപ്പെട്ടിരുന്നത്.















