
വാഷിങ്ടൺ: പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ് അമേരിക്ക. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചുപൂട്ടുകയും ചെയ്തു. അതിശൈത്യത്തില്‍ ടെക്സസ്, ജോര്‍ജിയ, മില്‍വാക്കിയിലുമായി നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ മഞ്ഞുവീഴ്ച വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.
ലൂയിസ് ആംസ്ട്രോങ് ന്യൂ ഓര്‍ലിയന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിക്ക വിമാനക്കമ്പനികളും വിമാനങ്ങള്‍ റദ്ദാക്കുകയും ഹ്യൂസ്റ്റണിലെ വിമാനത്താവളങ്ങള്‍ അടയ്ക്കുകയും ചെയ്തു. ടാലഹാസി അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച ഉച്ച മുതല്‍ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കും.
മഞ്ഞ് വീഴ്ച രൂക്ഷമായതോടെ ലൂസിയാനയിലെ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചുപൂട്ടി, ഹ്യൂസ്റ്റണ്‍ മുതല്‍ ന്യൂ ഓര്‍ലിയന്‍സ് വരെയും ജോര്‍ജിയയുടെ ചില ഭാഗങ്ങളിലും സ്‌കൂളുകളും അടച്ചു. ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ജോര്‍ജിയ, സൗത്ത് കരോലിന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. പല സ്ഥലങ്ങളിലും ഭരണകൂടം ശീതകാല കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Heavy snow fall in USA, 2100 flight cancelled