
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ചരക്കുകപ്പലുകളെയും ഇരുപതിനായിരത്തോളം വരുന്ന ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട ദൗത്യത്തിൻ്റെ നടപടികൾ തിങ്കളാഴ്ച രാവിലെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് ഫെബ്രുവരി 28 മുതൽ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ മേഖലയിലൂടെയുള്ള യാത്ര അപകടകരമായതിനെത്തുടർന്ന് ആഗോള എണ്ണ വ്യാപാരത്തെയും ചരക്ക് നീക്കത്തെയും ഇത് സാരമായി ബാധിച്ചിരുന്നു.
കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് യുഎസ് നാവികസേന നേരിട്ട് സുരക്ഷയും വഴിയുമൊരുക്കും. കപ്പലുകളിൽ ഭക്ഷണവും കുടിവെള്ളവും മരുന്നും തീർന്നുതുടങ്ങിയ സാഹചര്യത്തിലാണ് ദൗത്യം വേഗത്തിലാക്കുന്നത്.
മാനുഷിക പരിഗണനയോടെ നടത്തുന്ന ഈ ദൗത്യത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാൽ ശക്തമായ സൈനിക തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
മാസങ്ങളായി ആശങ്കയിലായിരുന്ന കപ്പൽ കമ്പനികൾക്കും നാവികരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. ആഗോള വിപണിയിൽ ഇന്ധനവില കുറയാനും ഈ നീക്കം സഹായിച്ചേക്കും.
US to release ships stuck in Strait of Hormuz; ‘Project Freedom’ to begin Monday















