
ജോഹന്നാസ്ബർഗ്: അർജൻ്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര തിരിച്ച ‘എംവി ഹോണ്ടിയസ്’ എന്ന ആഡംബര കപ്പലിൽ ഹന്താവൈറസ് ബാധയെന്ന് സംശയം. രോഗബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ഡച്ച് ദമ്പതികളാണ്. കപ്പൽ സെൻ്റ് ഹെലീന ദ്വീപിൽ എത്തിയപ്പോഴേക്കും 70 വയസ്സുകാരനായ ഡച്ച് പൗരൻ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യ (69) ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നിലവിൽ രോഗം സ്ഥിരീകരിച്ച 69 വയസ്സുള്ള ബ്രിട്ടീഷ് പൗരൻ ജോഹന്നാസ്ബർഗിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കപ്പലിലെ രണ്ട് ജീവനക്കാരുടെ ആരോഗ്യനിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഡച്ച് അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള മറ്റ് യാത്രക്കാരെയും പ്രത്യേക വിമാനത്തിൽ മാറ്റാൻ പദ്ധതിയുണ്ട്.
80 കാബിനുകളിലായി 170 യാത്രക്കാർക്കും 71 ജീവനക്കാർക്കും (ഗൈഡുകളും ഡോക്ടറും ഉൾപ്പെടെ) താമസിക്കാൻ സൗകര്യമുള്ള കപ്പലാണിത്. മിക്ക കാബിനുകളിലും രണ്ട് പേർ വീതമാണ് താമസമെങ്കിലും, ചെറിയ വിസ്തീർണ്ണമുള്ള കാബിനുകളിൽ നാല് പേർ വരെ താമസിക്കുന്നുണ്ട്. ഇത്രയധികം ആളുകൾ തിങ്ങിപ്പാർക്കുന്ന കപ്പലിൽ വായുവിലൂടെ പടരുന്ന വൈറസ് ബാധയുണ്ടായത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എലികളുടെ വിസർജ്യങ്ങളിൽ നിന്ന് വായുവിലൂടെ പകരുന്ന ഹന്താവൈറസ് എങ്ങനെ കപ്പലിലെത്തി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Hantavirus outbreak on MV Hondius: Three dead, including Dutch couple, on cruise ship, one British national in intensive care













