അമേരിക്കയിലെ ഗ്രാൻഡ് ക്യാനിയനിൽ ഇന്ത്യൻ യുവാവിനെ കാണാതായി: യുവാവിൻ്റെ ബാഗ് കൈമാറിയ ആളെ തേടി പൊലീസ്

അരിസോണ: അമേരിക്കയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ 26 വയസ്സുകാരനായ ഇന്ത്യൻ യുവാവിനെ കാണാതായി. സന്ദർഷ് കൃഷ്ണ എന്ന യുവാവിനെയാണ് ഏപ്രിൽ 28 മുതൽ പാർക്കിനുള്ളിൽ വെച്ച് കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താൻ പാർക്ക് അധികൃതർ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

ഏപ്രിൽ 27 വൈകുന്നേരം 4 മണിക്കും ഏപ്രിൽ 28 അർദ്ധരാത്രിക്കും ഇടയിൽ ഹെർമിറ്റ് റോഡിലെ ‘റിം ട്രയൽ’ ഭാഗത്താണ് സന്ദർഷിനെ അവസാനമായി കണ്ടതെന്ന് അധികൃതർ അറിയിച്ചു. കായിക വസ്ത്രങ്ങൾ ധരിച്ചിരുന്ന ഇദ്ദേഹം ടാക്സിയിലോ റൈഡ് ഷെയർ സർവീസുകളിലോ ആണ് പാർക്കിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിന് സ്വന്തമായി വാഹനമില്ല.

അഞ്ചടി പത്തിഞ്ച് ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള സന്ദർഷിന് കറുത്ത മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണുള്ളത്. ഏകദേശം 72 കിലോ ആണ് ശരീരഭാരം. അന്വേഷണത്തിനിടെ, സന്ദർഷിൻ്റേതെന്ന് കരുതുന്ന ഒരു കറുത്ത ബാക്ക്പാക്ക് ബ്രൈറ്റ് ഏഞ്ചൽ ലോഡ്ജിലെ ജീവനക്കാർക്ക് ലഭിച്ചു. ഏപ്രിൽ 28 രാവിലെ ഏഴ് മണിയോടെ ഒരാൾ ഈ ബാഗ് അവിടെ ഏൽപ്പിക്കുകയായിരുന്നു. ബാഗ് നൽകിയ വ്യക്തിയെ തിരിച്ചറിയാൻ പാർക്ക് റേഞ്ചർമാർ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഈ തിരോധാനവുമായി ബന്ധമുണ്ടെന്നല്ല, മറിച്ച് അന്വേഷണത്തിന് സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഇദ്ദേഹത്തെ തിരയുന്നത്.

സന്ദർഷ് കൃഷ്ണയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാർക്ക് അധികൃതരെ അറിയിക്കണമെന്ന് യുഎസ് നാഷണൽ പാർക്ക് സർവീസ് അഭ്യർത്ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ മലയിടുക്കുകളിലൊന്നായ ഗ്രാൻഡ് ക്യാനിയൻ ഏകദേശം 447 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ പ്രദേശമാണ്.

Indian youth missing in Grand Canyon, USA: Authorities seek public help to find him

More Stories from this section

family-dental
witywide