
വാഷിംഗ്ടണ്‍ : നിയമവിരുദ്ധ കുടിയേറ്റക്കാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രംപിന്റെ നിയമത്തിന് പച്ചക്കൊടി കാട്ടി യുഎസ് ജഡ്ജി. ഇതോടെ, യുഎസിലെ ഓരോ നിയമവിരുദ്ധ കുടിയേറ്റക്കാരനും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രേഖകള്‍ കൈവശം വയ്ക്കണമെന്നുമുള്ള നിബന്ധനയുമായി മുന്നോട്ട് പോകാന്‍ ട്രംപ് ഭരണകൂടത്തിനാകും.
രാജ്യത്ത് താമസിക്കുന്ന എന്നാല്‍ അമേരിക്കന്‍ പൗരനല്ലാത്ത എല്ലാവര്‍ക്കും ഇതിനകം നിലവിലുണ്ടായിരുന്ന ഒരു നിബന്ധന ഉദ്യോഗസ്ഥര്‍ ‘നടപ്പിലാക്കുക മാത്രമാണ്’ ചെയ്തതെന്നാണ് ഭരണകൂടം വിദാച്ചത്. ട്രംപ് നിയമിച്ച ജഡ്ജിയായ ട്രെവര്‍ നീല്‍ മക്ഫാഡന്‍ ഈ വാദം അംഗീകരിക്കുകയായിരുന്നു.
നിലവിലുള്ള ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ വഴി ലഭിച്ച ഇമിഗ്രേഷന്‍ ഫോമുകള്‍ ഇല്ലാത്ത വിദേശികള്‍ക്ക് രജിസ്‌ട്രേഷന്റെ ആവശ്യകത ഇത് വിപുലീകരിക്കുന്നുവെന്ന് നിരവധി പേര്‍ വാദിക്കുന്നു. നിയമം ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, ഈ ഉത്തരവ് എത്തിയതിനുശേഷം, ട്രംപിന്റെ നീക്കത്തെ അനുകൂലിച്ച് ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോം രംഗത്തെത്തി.
‘നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കായ് പ്രസിഡന്റ് ട്രംപിനും എനിക്കും വ്യക്തമായ ഒരു സന്ദേശമുണ്ടെന്നും, ” ഇപ്പോള്‍ പോകൂ. നിങ്ങള്‍ ഇപ്പോള്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ക്ക് തിരിച്ചുവന്ന് നമ്മുടെ സ്വാതന്ത്ര്യം ആസ്വദിക്കാനും അമേരിക്കന്‍ സ്വപ്നം ജീവിക്കാനും അവസരം ലഭിച്ചേക്കാം,’ – എന്ന് ക്രിസ്റ്റി നോം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.











