
ടെഹ്‌റാൻ: വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സജീവമായിരുന്ന സായുധ “ഭീകര-വിഘടനവാദ” സംഘത്തെ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (വധിച്ചതായി ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു.
ഐആർജിസിയുടെ കീഴിലുള്ള ‘ഹംസ സയ്യിദ് അൽ-ഷുഹദ’ ബേസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, പ്രവിശ്യയിലെ മഹാബാദ്, പിരാൻഷഹർ എന്നീ നഗരങ്ങൾക്ക് സമീപമുള്ള മലയോര മേഖലകളിലാണ് സൈന്യവും സായുധ സംഘവും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി സൈന്യം കനത്ത ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്തു.
മണിക്കൂറുകൾ നീണ്ട ഈ സൈനിക നടപടിയിൽ വിഘടനവാദ ഗ്രൂപ്പിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വലിയ തോതിലുള്ള അത്യാധുനിക ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരം സായുധ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ഐആർജിസി വ്യക്തമാക്കി.















