
ശ്രീനഗര്‍ : ജമ്മുവിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സബിഹ ബീഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോ പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി. ഷിക്കാഗോയില്‍ നിന്നുള്ള യുവതിയെ കശ്മീരി വധുവിന്റെ വേഷത്തിലാണ് സബിഹ അണിയിച്ചൊരുക്കിയത്. പെയ്ജ് റെയ്ലി എന്ന ഷിക്കാഗോ യുവതി ഇന്ത്യയില്‍ തന്റെ മെഹന്തി ചടങ്ങിനായി ഒരുങ്ങുകയായിരുന്നു.
മഞ്ഞ ലെഹങ്ക ധരിച്ച സുന്ദരിയായ വധുവിന്റെ ഗ്ലാം ലുക്ക് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. മഞ്ഞയും പിങ്ക് നിറത്തിലുള്ള ലെഹങ്കയ്ക്കൊപ്പം, ചോക്കറും ജുംകയും ഉള്ള ഒരു നീണ്ട മരതക മാലയും അവര്‍ ധരിച്ചിരുന്നു. കാശ്മീരി പണ്ഡിറ്റ് സ്ത്രീകളുടേതിന് സമാനമായ മേക്കപ്പായിരുന്നു പെജിന്റേതും. കശ്മീരി പണ്ഡിറ്റ് സ്ത്രീകള്‍ വിവാഹിതരായ ദിവസം മുതല്‍ ധരിക്കുന്ന ഒരു പരമ്പരാഗത ആഭരണമായ കാശ്മീരി ഡെജ്ഹൂര്‍ ചെവികളില്‍ അണിഞ്ഞിരുന്നു.
ഒരുക്കിക്കഴിഞ്ഞപ്പോള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവളോട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു, അതിന് അവള്‍ പുഞ്ചിരിച്ചുകൊണ്ട്, ‘എനിക്ക് വളരെ ഇഷ്ടമായി’ എന്ന് മറുപടി പറയുന്നതും വീഡിയോയിലുണ്ട്.
വീഡിയോ ഇതുവരെ, ഇന്‍സ്റ്റാഗ്രാമില്‍ അര ദശലക്ഷത്തിലധികം വ്യൂവുകള്‍ നേടി. അമേരിക്കന്‍-ഇന്ത്യന്‍ വധുവിന്റെ സുന്ദരമായ മുടി ശ്രദ്ധിച്ച പലരും രാജകുമാരിമാരുമായി താരതമ്യം ചെയ്തു. ‘അവള്‍ ഒരു ഐസ് രാജകുമാരിയെപ്പോലെയാണ്- എന്നുപോലും പലരും കമന്റുകളുമായി എത്തി.
കശ്മീരി വധുവായി അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ആചാരപ്രകാരം വിവാഹിതയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പെയ്ജ് റെയ്ലി പ്രതികരിച്ചു.










