
വാഷിങ്ടന്‍ : എതിരാളികള്‍ക്കെതിരെ യുദ്ധം കടുപ്പിച്ച് നീങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അങ്ങനിരിക്കെയാണ് യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയും ആക്രമണം കടുപ്പിച്ചത്. ആ സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള സമൂഹമാധ്യമ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയത് വിവാദമായി.
വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് അതീവ ഗൗരവതരമായ സംഭവമുണ്ടായത്. ദ അത്ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗിനെയാണ് ഇവരുടെയൊപ്പം ഉള്‍പ്പെടുത്തിയത്. ജെഫ്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. അതേസമയം, ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.
ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ് എന്ന സമൂഹമാധ്യമ ഗ്രൂപ്പില്‍ ചേരാന്‍ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് വ്യക്തമാക്കി. ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നുവെന്നും വെളിപ്പെടുത്തിയ അദ്ദേഹം സൈനിക പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.














