
തിരുവനന്തപുരം: എസ്ഐആർ നടപടികളിൽ വൻ പിഴവുകൾ ചൂണ്ടിക്കാട്ടി കേരള സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഏകദേശം 25 ലക്ഷം പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട നിലയിലുണ്ടെന്നും ഇത് പലർക്കും വോട്ടവകാശം നഷ്ടമാക്കുമെന്നും ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനയച്ച കത്തിൽ വ്യക്തമാക്കി. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി കുറഞ്ഞത് രണ്ടാഴ്ച നീട്ടണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
2025ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2.78 കോടി വോട്ടർമാർക്ക് എല്ലാവർക്കും ഫോമുകൾ വിതരണം ചെയ്തിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങൾ പോലും പ്രസിദ്ധീകരിച്ചിട്ടില്ല. തിരുവല്ല എംഎൽഎ മാത്യു ടി തോമസ്, മുൻ എംഎൽഎ രാജാജി മാത്യു, മുൻ ഡിജിപി രമണ്‍ ശ്രീവാസ്തവ തുടങ്ങിയ പ്രമുഖരും കുടുംബാംഗങ്ങളും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്ന് സർക്കാർ ആരോപിച്ചു.
ചില ബൂത്തുകളിൽ ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം അസ്വാഭാവികമായി ഉയർന്നതായും കത്തിൽ പറയുന്നു. ഉദാഹരണമായി തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തിൽ 704 പേരെ ശേഖരിക്കാനാകാത്തവരായി പട്ടികപ്പെടുത്തിയത് ചൂണ്ടിക്കാട്ടി. ഇത്തരം ക്രമക്കേടുകൾ ഗൗരവമായി പരിശോധിക്കണമെന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നിരവധി പേർ ഇപ്പോൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2002ൽ 18 വയസ്സിന് താഴെയുള്ളവരെ നിലവിലുള്ള വോട്ടർമാരുമായി മാപ്പ് ചെയ്യണം. രാഷ്ട്രീയകക്ഷികളും സുപ്രീംകോടതിയും തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഡിസംബർ 19ന് സമർപ്പണം അവസാനിപ്പിച്ചത് ശരിയല്ലെന്നും കേരളം കമ്മിഷനോട് ആവശ്യപ്പെട്ടു.










