
വാഷിംഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ വൻ പുരോഗതിയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിൻ്റ് ജെ.ഡി വാൻസ്. പാകിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകളിൽ നിന്ന് കരാറിലെത്താതെയാണ് മടങ്ങിയതെങ്കിലും, നിലവിലെ സാഹചര്യത്തിൽ വലിയ ശുഭപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന ‘ടേണിംഗ് പോയിൻ്റ് യുഎസ്എ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനുമായി ഒരു ചെറിയ കരാറിലല്ല, മറിച്ച് സമഗ്രമായ ഒരു ‘ട്രംപിയൻ ഗ്രാൻഡ് ബാർഗെയ്ൻ’ ആണ് പ്രസിഡൻ്റ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വാൻസ് വ്യക്തമാക്കി.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക, അമേരിക്ക ഭീകര സംഘടനകളായി പ്രഖ്യാപിച്ച ഗ്രൂപ്പുകളെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ഇതിന് പകരമായി, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കി അവരെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ അനുവദിക്കുമെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിൽ ചില അവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാനിയൻ പ്രതിനിധികൾ കരാറിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വാൻസിന്റെ വിലയിരുത്തൽ. ചർച്ചകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. “നിലവിലെ സാഹചര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്,” വൈസ് പ്രസിഡൻ്റ് പറഞ്ഞു.
ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്മേൽ 20 വർഷത്തെ നിരോധനം വേണമെന്നാണ് അമേരിക്കൻ പ്രതിനിധി സംഘം ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ 3 മുതൽ 5 വർഷം വരെയുള്ള നിരോധനത്തിന് മാത്രമേ ഇറാൻ സമ്മതിച്ചിട്ടുള്ളൂ എന്നത് കരാറിലെത്താൻ പ്രധാന തടസ്സമായി നിൽക്കുന്നു. ആഗോള എണ്ണ വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി പൂർണ്ണമായി തുറന്നു കൊടുക്കണമെന്നതാണ് ട്രംപ് ഭരണകൂടത്തിൻ്റെ മറ്റൊരു പ്രധാന നിബന്ധന. ആണവായുധ പദ്ധതികൾ ഉപേക്ഷിക്കുന്നതിനും ഭീകരവാദ പിന്തുണ അവസാനിപ്പിക്കുന്നതിനും പകരമായി ഇറാൻ്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികൾ വിട്ടുനൽകാനും ഉപരോധങ്ങൾ നീക്കി സാമ്പത്തിക സഹായം നൽകാനുമുള്ള വാഗ്ദാനവും അമേരിക്ക നൽകിയിട്ടുണ്ട്. അതിനിടെ, പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ വച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം വട്ട ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രസിഡൻ്റ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
Iran sanctions may be lifted; Vance expresses confidence in diplomatic talks, aims for ‘Trumpian Grand Bargain’















