വിചാരണയിൽ പരാജയപ്പെട്ടാൽ സാമ്രാജ്യം തകർന്നടിയും, ഇൻസ്റ്റയും വാട്സാപ്പും വിൽക്കേണ്ടിവരും; ഫെഡറല്‍ കോടതിയിൽ ശക്തമായി പ്രതിരോധിച്ച് സക്കർബർഗ്

വാഷിംഗ്ടൺ: മെറ്റയ്ക്കെതിരെയുള്ള അമേരിക്കൻ സര്‍ക്കാരിന്‍റെ വിശ്വാസ വഞ്ചനാ കേസില്‍ വിചാരണ തുടങ്ങിയതോടെ ലോകം ഉറ്റുനോക്കുന്നത് സക്കർബർഗിന്‍റെ സാമ്രാജ്യം തകർന്നടിയുമോ എന്നതാണ്. അതുകൊണ്ടുതന്നെ ഇനി നിർണായക ദിവസങ്ങളാണ് സക്കർബർഗിന് മുന്നിലുള്ളത്. കോടതിയിൽ തിരിച്ചടി നേരിട്ട്, കേസിൽ പരാജയപ്പെട്ടാൽ സക്കർ ബർഗിന്‍റെ സാമ്രാജ്യം തകർന്നടിയുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കോടതിയിൽ ഇന്ന് വാദത്തിനെത്തിയ സക്കർബർഗ് തനിക്കും കമ്പനിക്കുമെതിരായ ആരോപണങ്ങളെ ശക്തമായാണ് പ്രതിരോധിച്ചത്.

ഇൻസ്റ്റാഗ്രാമും വാട്ട്‌സാപ്പും മെറ്റ കമ്പനി വാങ്ങിയത് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യാനല്ലെന്നായിരുന്നു സക്കർബർഗിന്‍റെ വാദം. ഈ കമ്പനികളെ മെറ്റ ഏറ്റെടുത്തത് കമ്പനിയുടെ വളർച്ചക്കും ഉപയോക്താക്കളുടെ അനുഭവം വർധിപ്പിക്കലും ലക്ഷ്യമിട്ടാണെന്നും സക്കർബർഗ് വാദം നിരത്തി. മെറ്റാ സോഷ്യൽ മീഡിയ വിപണിയുമായി മത്സരിക്കുന്നതിനുപകരം സാധ്യതയുള്ള എതിരാളികളെ സ്വന്തമാക്കി കുത്തകയാക്കിയെന്ന ഫെഡറൽ ട്രേഡ് കമ്മീഷൻ ആരോപണവും അദ്ദേഹം നിഷേധിച്ചു. മെറ്റയുടെ ഏറ്റെടുക്കലുകൾ നൂതനാശയങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും വാദിച്ചുകൊണ്ട് മാർക്ക് സക്കർബർഗ് ആരോപണങ്ങളെ എതിർത്തു. വാങ്ങുന്ന സമയത്ത് ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും ചെറിയ സ്റ്റാർട്ടപ്പുകളായിരുന്നുവെന്നും മെറ്റയുടെ നിക്ഷേപങ്ങൾ അവയെ ആഗോള പ്ലാറ്റ്‌ഫോമുകളായി വളരാൻ സഹായിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മെറ്റയുടെ നിയമസംഘം എഫ്‌ടിസിയുടെ വാദങ്ങളെ വെല്ലുവിളിച്ചു. ടിക്‌ടോക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ആപ്പിളിന്റെ ഐമെസേജ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കമ്പനി ശക്തമായ മത്സരം നേരിടുന്നുണ്ടെന്ന് വാദിച്ചു. മെറ്റയുടെ ആപ്പുകൾ ഉപയോക്താക്കൾക്ക് സൗജന്യമായി തുടരുന്നുവെന്നും കമ്പനിയുടെ വിപണി ആധിപത്യം നിയമവിരുദ്ധമായ ഒരു കുത്തകയ്ക്ക് തുല്യമല്ലെന്നും അവർ വാദിച്ചു.

അതേസമയം ഒരു ടെക് കമ്പനിക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ വഞ്ചന നടപടികളിൽ ഒന്നാണ് അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനിൽ സക്കർബർഗ് നേരിടുന്നത്. ഇന്‍സ്റ്റഗ്രാമും വാട്സ് ആപ്പും വാങ്ങുന്നതിനു വേണ്ടി വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു എന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍റെ മെറ്റയ്ക്കെതിരായ ആരോപണം. വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ആണ് വിചാരണ പുരോഗമിക്കുന്നത്. ജഡ്ജ് ജെയിംസ് ബോസ്ബെർഗാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മെറ്റ 2012 ല്‍ ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തതും രണ്ടുവര്‍ഷത്തിന് ശേഷം വാട്സ് ആപ്പ് ഏറ്റെടുത്തതും സോഷ്യല്‍ മീഡിയ കുത്തക കയ്യടക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് ആരോപണം. എതിരാളികളെ പൂര്‍ണമായി വാങ്ങുകയോ അല്ലെങ്കില്‍ ഇല്ലാതാക്കുകയോ ചെയ്യുകയായിരുന്നു മെറ്റയുടെ നയം, വിശ്വാസ വഞ്ചനയുടെ ഗണത്തിലുള്ളതാണെന്നാണ് ആരോപണം. കേസ് പരാജയപ്പെട്ടാൽ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമും വാട്സാപ്പും വിൽക്കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

More Stories from this section

family-dental
witywide