വാഷിംഗ്ടൺ: 1996-ൽ പ്രവാസി സംഘടനയായ ‘ബ്രദേഴ്സ് ടു ദ റെസ്ക്യൂ’ പ്രവർത്തിപ്പിച്ചിരുന്ന രണ്ട് സിവിലിയൻ വിമാനങ്ങൾ ക്യൂബ വെടിവെച്ച് തകർത്ത സംഭവത്തിൽ മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
യു.എസ്. നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തിയതനുസരിച്ച്, കുറ്റപത്രത്തിന് ഗ്രാൻഡ് ജൂറിയുടെ അനുമതി ആവശ്യമാണെങ്കിലും നടപടി ഉടൻ ഉണ്ടാകാനിടയുണ്ട്. 1996-ലെ ഈ സംഭവം മൂന്ന് പതിറ്റാണ്ടായി അമേരിക്ക-ക്യൂബ ബന്ധത്തിലെ പ്രധാന തർക്കവിഷയങ്ങളിലൊന്നാണ്.
സംഭവത്തിൽ ഫിഡൽ കാസ്ട്രോയുടെ ഇളയ സഹോദരനായ റൗൾ കാസ്ട്രോയ്ക്ക് പങ്കുണ്ടെന്നാണ് അമേരിക്കൻ റിപ്പബ്ലിക്കൻ നേതാക്കളുടെ ആരോപണം. ക്യൂബൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകുമോ എന്നത് ഫ്‌ളോറിഡയിലെ സൗത്ത്ൺ ഡിസ്ട്രിക്ട് യു.എസ്. അറ്റോർണി ഓഫീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് വ്യാഴാഴ്ച ഹവാനയിൽ ക്യൂബൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശം അദ്ദേഹം റൗൾ കാസ്ട്രോയുടെ കൊച്ചുമകനായ റൗൾ “റൗലിറ്റോ” ഗില്ലെർമോ റോഡ്രിഗസ് കാസ്ട്രോയ്ക്കും കൈമാറിയതായി റിപ്പോർട്ടുണ്ട്. ക്യൂബ “അടിസ്ഥാനപരമായ മാറ്റങ്ങൾ” വരുത്തിയാൽ സാമ്പത്തിക സുരക്ഷാ വിഷയങ്ങളിൽ സഹകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് സി.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ ക്യൂബയ്‌ക്കെതിരായ ഉപരോധങ്ങളും ഇന്ധനവിതരണ നിയന്ത്രണങ്ങളും ട്രംപ് ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈദ്യുതി മുടക്കവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് 1-ന് ഫ്ലോറിഡയിലെ ഒരു പരിപാടിയിൽ സംസാരിച്ച ട്രംപ്, “ക്യൂബയെ വളരെ വേഗം അമേരിക്ക ഏറ്റെടുക്കും” എന്ന് പറഞ്ഞിരുന്നു.
ട്രംപ് ഭരണകൂടം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ക്യൂബ ശക്തമായി പ്രതിഷേധിച്ചു. “ക്യൂബൻ ജനതയ്‌ക്കെതിരായ കൂട്ടശിക്ഷയാണ് അമേരിക്കയുടെ ഏകപക്ഷീയ നടപടികൾ” എന്ന് ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പരില്ല പ്രതികരിച്ചു. അമേരിക്കയുടെ നടപടി ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലംഘനമാണെന്നും മറ്റ് രാജ്യങ്ങൾക്കെതിരെ ഇത്തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
US moves toward indicting former Cuban President Raul Castro over 1996 plane shootdown case














