
ന്യൂഡല്‍ഹി : ഇന്നലെയാണ് 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവുര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. റാണയെ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 14 വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2011 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുറിച്ച വാക്കുകള്‍ തഹാവൂര്‍ റാണയെക്കുറിച്ചായിരുന്നു, ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുമായിരുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തില്‍ റാണയ്ക്ക് നേരിട്ട് പങ്കാളിത്തമില്ലെന്ന് യുഎസ് കോടതി വിധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് വിദേശനയത്തില്‍ വലിയ തിരിച്ചടി ഏറ്റെന്ന് മോദി വിമര്‍ശിച്ചു.
‘മുംബൈ ആക്രമണത്തില്‍ തഹാവുര്‍ റാണയെ നിരപരാധിയായി പ്രഖ്യാപിച്ച യുഎസ് ഇന്ത്യയുടെ പരമാധികാരത്തെ അപമാനിച്ചു, അത് വലിയൊരു വിദേശനയ തിരിച്ചടിയാണ്,’ പ്രധാനമന്ത്രി മോദി എക്സില്‍ (മുമ്പത്തെ ട്വിറ്റര്‍) പോസ്റ്റ് ചെയ്തിരുന്നു.
US declaring Tahawwur Rana innocent in Mumbai attack has disgraced the sovereignty of India & it is a “major foreign policy setback”
— Narendra Modi (@narendramodi) June 10, 2011
റാണ ഒടുവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായതോടെ, പ്രധാനമന്ത്രി മോദിയുടെ സ്ഥിരോത്സാഹത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുത്തിപ്പൊക്കി ആഘോഷിക്കുകയാണ്. നിരവധി എക്‌സ് ഉപയോക്താക്കള്‍ ‘മോദി ഹേ തോ മുംകിന്‍ ഹേ (മോദി ഉണ്ടെങ്കില്‍, അത് സാധ്യമാണ്)’ എന്ന വാചകം ഉപയോഗിച്ച് എക്‌സില്‍ മോദിയുടെ പോസ്റ്റ് പങ്കുവെച്ചത്. മാത്രമല്ല, പലരും മോദിക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നുമുണ്ട്.
അതേസമയം, റാണയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദേര്‍ ജിത് സിങ്ങാണ് റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. മണിക്കൂറുകള്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇയാളെ ഇന്ത്യയില്‍ എത്തിച്ചത്.














