
വാഷിംഗ്ടൺ: നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെക്കാനിരിക്കുന്ന പുതിയ സമാധാന ചട്ടക്കൂട് കരാർ, 2015-ൽ തന്റെ ഭരണകാലത്ത് രൂപീകരിച്ച ചരിത്രപരമായ ആണവക്കരാറിനേക്കാൾ വലിയ രീതിയിൽ വ്യത്യസ്തമോ മെച്ചപ്പെട്ടതോ ആകാൻ സാധ്യതയില്ലെന്ന് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. എബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ദീർഘനാളത്തെ ചർച്ചകൾക്കൊടുവിൽ നമ്മൾ രൂപീകരിക്കുകയും, പിന്നീട് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ചെയ്ത മുൻ ആണവക്കരാറിൽ നിന്നും വലിയ രീതിയിൽ വ്യത്യസ്തമായോ, അല്ലെങ്കിൽ അതിനേക്കാൾ മികച്ച രീതിയിലോ ഒരു പുതിയ കരാർ ഇപ്പോൾ ഉണ്ടാകുമെന്ന് കരുതാൻ വയ്യ,” ഒബാമ പറഞ്ഞു.
2015-ൽ ഒബാമ ഭരണകൂടം അന്താരാഷ്ട്ര പിന്തുണയോടെ ഒപ്പുവെച്ച ജെ.സി.പി.ഒ.എ കരാർ പ്രകാരം ഇറാന്റെ ആണവ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും, യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. പകരമായി ഇറാന്റെ എണ്ണസമ്പത്തിന് മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുകയും മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ വിട്ടുകൊടുക്കുകയുമായിരുന്നു ചെയ്തത്. എന്നാൽ പിന്നീട് ട്രംപ് ഭരണകൂടം ഈ കരാറിൽ നിന്നും യു.എസിനെ പിൻവലിക്കുകയായിരുന്നു.
നിലവിലെ യുദ്ധസാഹചര്യത്തിൽ എത്രയും വേഗം ബോംബാക്രമണങ്ങൾ അവസാനിക്കുമെന്നും യുദ്ധം കാരണം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിയാകുമെന്നും താൻ പ്രതീക്ഷിക്കുന്നതായി ഒബാമ കൂട്ടിച്ചേർത്തു. വലിയ പ്രതിസന്ധികൾ പരിഹരിക്കാൻ സൈനിക നടപടിയേക്കാൾ എപ്പോഴും നയതന്ത്ര പാതയാണ് ഉചിതമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭീഷണിപ്പെടുത്തലിലൂടെയോ ബോംബാക്രമണങ്ങളിലൂടെയോ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന ചിന്താഗതിയോട് തനിക്ക് യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“പ്രശ്നങ്ങൾക്ക് നൂറ് ശതമാനം പരിഹാരമായില്ലെങ്കിൽ പോലും, നയതന്ത്ര ചർച്ചകൾക്ക് കൃത്യമായ സമയം നൽകി യുദ്ധത്തിലേക്ക് പോകാതെ തന്നെ 80 അല്ലെങ്കിൽ 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാൻ ഇത്തരം കരാറുകളിലൂടെ സാധിക്കും. നാമിതുവരെ പഠിച്ച പാഠങ്ങളിൽ നിന്നും അത് വ്യക്തമാണ്, പക്ഷേ കാലങ്ങൾ കഴിയുമ്പോൾ നമ്മൾ ആ പാഠങ്ങൾ വീണ്ടും വീണ്ടും പഠിക്കേണ്ടി വരുന്നു എന്ന് തോന്നുന്നു,” ഒബാമ കൂട്ടിച്ചേർത്തു. പുതിയ കരാർ ഒപ്പിടാൻ ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഒബാമയുടെ ഈ നിർണ്ണായക നിരീക്ഷണങ്ങൾ പുറത്തുവരുന്നത്.














