
വാഷിംഗ്ടൺ: സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം യു.എസ് – ഇറാൻ ചർച്ചകളെ പ്രതിസന്ധിയിലാക്കി. എന്നാൽ, ആക്രമണത്തെത്തുടർന്ന് അല്പം വൈകിയെങ്കിലും ഇറാനുമായുള്ള ചരിത്രപരമായ ധാരണാപത്രം ഒപ്പിടൽ പ്രക്രിയ ഇന്ന് തന്നെ യാഥാർത്ഥ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സി.എൻ.എൻ രാഷ്ട്രീയ നിരീക്ഷകനും ആക്സിയോസ് റിപ്പോർട്ടറുമായ ബരാക് റാവിഡിന് ഞായറാഴ്ച നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ന് രാവിലെ ഞങ്ങൾ കരാറിൽ ഒപ്പിടേണ്ടതായിരുന്നു, എന്നാൽ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇത് വൈകിച്ചു. എങ്കിലും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒപ്പുവെക്കൽ ചടങ്ങുകൾ നടക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, ഈ നിർണ്ണായക സമയത്തുള്ള ഇസ്രായേലിന്റെ ആക്രമണം എല്ലാ സാഹചര്യങ്ങളെയും പിടിച്ചുലച്ചു കളഞ്ഞു,” ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള സമാധാന കരാർ തൊട്ടടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ ബെയ്റൂട്ടിൽ ആക്രമണം നടത്താനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തീരുമാനത്തോടുള്ള തന്റെ ശക്തമായ വിയോജിപ്പ് ട്രംപ് പരസ്യമാക്കി. ഇത്തരം ഒരു ആക്രമണം ഈ സമയത്ത് “ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു” എന്ന് ട്രംപ് നേരത്തെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി കുറിച്ചിരുന്നു.
“കരാർ ഒപ്പിടാൻ കൃത്യം ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ‘സർ, ഇസ്രായേൽ ബെയ്റൂട്ടിൽ ആക്രമണം നടത്തുന്നു’ എന്ന ഫോൺ സന്ദേശം എനിക്ക് ലഭിക്കുന്നത്. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് വളരെ മോശം നടപടിയായിപ്പോയി,” ട്രംപ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ ഈ അനാവശ്യ നീക്കത്തിൽ തനിക്കുള്ള കടുത്ത “അതൃപ്തി” പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തിയതായി ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.














