ഇറാൻ കരാറിന് തൊട്ടുമുൻപുള്ള ഇസ്രായേൽ ആക്രമണം: കടുത്ത ഭാഷയിൽ വിമർശിച്ച് ട്രംപ്; എല്ലാവരും പിന്മാറണമെന്ന് ആഹ്വാനം

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ ധാരണാപത്രം ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇസ്രായേൽ ലബനന് നേരെ ആക്രമണം നടത്തരുതെന്ന് ട്രംപ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

“ഇന്ന് രാവിലെ ബെയ്റൂട്ടിൽ ഉണ്ടായ ആക്രമണം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. പ്രത്യേകിച്ച്, ഇറാനുമായി ഒരു സമാധാന കരാറിലേക്ക് നമ്മൾ ഇത്രയധികം അടുത്തിരിക്കുന്ന ഈ സവിശേഷ ദിവസം അത് ഒട്ടും ഉചിതമായില്ല,” ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി കുറിച്ചു. ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാൽ ഇസ്രായേൽ ഇപ്പോൾ പ്രതികരിച്ച ലബനന്റെ ഭാഗത്തുനിന്നുള്ള ആക്രമണം വളരെ ചെറുതും അർത്ഥശൂന്യവും ആർക്കും പരിക്കുകളോ ജീവഹാനിയോ വരുത്താത്തതുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം ചെറിയ സംഭവങ്ങൾ ഈ സുപ്രധാന സമാധാന പ്രക്രിയയെ തടസ്സപ്പെടുത്താൻ അനുവദിക്കരുത്. ലബനൻ ഉൾപ്പെടെയുള്ള ഈ മേഖലയിലാകെ സമാധാനം കൊണ്ടുവരുന്ന ഒരു വലിയ കരാറിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുകയാണെന്നും അതിനാൽ എല്ലാ ഭാഗത്തുനിന്നും സൈനിക നടപടികൾ നിർത്തിവെക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വടക്കൻ ഇസ്രായേലിലേക്ക് ലബനനിൽ നിന്നും ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നത്. ഒരാഴ്ച മുൻപ് ഇസ്രായേൽ ബെയ്റൂട്ടിൽ നടത്തിയ സമാനമായ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ചിരുന്നു. ഇത് ഇറാനുമായി വെടിനിർത്തലിലെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് വലിയ ഭീഷണിയായിരുന്നുയെന്നത് ശ്രദ്ധേയമാണ്. ഇസ്രായേൽ മണ്ണിലേക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഒരാഴ്ച മുൻപ് നെതന്യാഹു ബെയ്റൂട്ട് ആക്രമണത്തിന് ഉത്തരവിട്ടത്. ഈ മാസമാദ്യം അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച പുതിയ താൽക്കാലിക വെടിനിർത്തൽ കരാർ ഹിസ്ബുള്ള നിരസിച്ചിരുന്നു.

“ഇനി ഇസ്രായേലിന്റെ ഭാഗത്തുനിന്നും ലബനനിൽ എവിടെയും ആക്രമണങ്ങൾ ഉണ്ടാകരുത്, അതേസമയം ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഒരു വിഭാഗവും ഇസ്രായേലിന് നേരെയും ആക്രമണം നടത്തരുത്. ഇത് ദീർഘവും മനോഹരവുമായ ഒരു സമാധാനത്തിന്റെ തുടക്കമാകാം, ദയവായി ഇത് തകർക്കരുത്,” ട്രംപ് തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേലിന്റെ ഈ അപ്രതീക്ഷിത നീക്കങ്ങൾക്കിടയിലും ഇറാനുമായുള്ള ധാരണാപത്രം ഒപ്പിടാനുള്ള തീരുമാനവുമായി അമേരിക്കൻ ഭരണകൂടം മുന്നോട്ട് പോകുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ‘സി.ബി.എസ് ഫേസ് ദി നേഷൻ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൃത്യമായ പാതയിലാണെന്നും, ഇത് ഒപ്പിടുമോ ഇല്ലയോ എന്നതല്ല ചോദ്യമെന്നും, ഇന്ന് അത് എപ്പോൾ സംഭവിക്കുമെന്നത് മാത്രമാണ് ഇനി അറിയാനുള്ളതെന്നും പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide