ഇന്ത്യ–ഫ്രാൻസ് ഉഭയകക്ഷി ചർച്ചയിൽ സുപ്രധാന ധാരണകൾ! പ്രതിരോധ സഹകരണം ശക്തമാക്കും, വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിർണായക കരാറുകൾ ഒപ്പുവെച്ചു. ഭാവി സാങ്കേതികവിദ്യ മുന്നിൽക്കണ്ടുള്ള സഹകരണത്തിനും നവീകരണത്തിനും ഈ സന്ദർശനം ഏറെ സഹായിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക പ്രതിരോധ പ്ലാറ്റ്‌ഫോമുകളും സാങ്കേതികവിദ്യകളും സംയുക്തമായി രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും ഉൽപ്പാദിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. ബഹിരാകാശ മേഖലയിലെ സഹകരണം കൂടുതൽ വിപുലമാക്കാനും ഇരുനേതാക്കളും തമ്മിൽ ധാരണയായിട്ടുണ്ട്.

വ്യാപാര-സാമ്പത്തിക മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിനാണ് ഈ സന്ദർശനം സാക്ഷ്യം വഹിച്ചത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഒപ്പം ദീർഘനാളായി ചർച്ചയിലുള്ള ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ഫ്രാൻസിന്റെ പൂർണ്ണ പിന്തുണ ഇമ്മാനുവൽ മാക്രോൺ ഉറപ്പുനൽകി. നിർമ്മിത ബുദ്ധി (AI) രംഗത്തെ സഹകരണം ലക്ഷ്യമിട്ട് “ഇന്നൊവേഷൻ റോഡ്മാപ്പ് 2030” പദ്ധതിക്ക് ഇരുരാജ്യങ്ങളും അംഗീകാരം നൽകി. ഇതിന് പുറമെ ഫ്രാൻസുമായി സഹകരിച്ച് ഉത്തർപ്രദേശിലെ കാൺപൂരിൽ അത്യാധുനിക ഏറോനോട്ടിക്‌സ് നൈപുണ്യ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സാധ്യതകൾ മുൻനിർത്തി ഫ്രഞ്ച് സർവകലാശാലകളെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ഉഭയകക്ഷി വിഷയങ്ങൾക്ക് പുറമെ പശ്ചിമേഷ്യയിലെയും യുക്രൈനിലെയും നിലവിലെ യുദ്ധസാഹചര്യങ്ങളും ആഗോള സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഫ്രാൻസിലെ വിജയകരമായ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഔദ്യോഗിക സന്ദർശനത്തിനായി സ്ലോവാക്യയിലേക്ക് പുറപ്പെട്ടു.

India-France Bilateral Talks: Strategic Pacts Signed to Boost Defence and Double Trade in Five Years

Also Read

More Stories from this section

family-dental
witywide