വെടിനിർത്തലിൽ ട്രംപിന്‍റെ ഇടപെടൽ അംഗീകരിച്ച് പാകിസ്ഥാൻ; കശ്മീർ പ്രശ്നത്തിലെ വാഗ്ദാനത്തിന് നന്ദി അറിയിച്ച് പാക് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പങ്കിനെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ. അയൽരാജ്യങ്ങൾ തമ്മിലുള്ള കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്‍റെ വാഗ്ദാനത്തിന് പാകിസ്ഥാൻ നന്ദിയും അറിയിച്ചു. വെടിനിർത്തൽ ധാരണ യുഎസ് ഇടപെട്ടിട്ടാണെന്നും കശ്മീർ തർക്കം പരിഹരിക്കാൻ മധ്യസ്ഥനാകാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

”പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിർത്തൽ ധാരണയെ പിന്തുണയ്ക്കുന്നതിൽ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം യുഎസ് വഹിച്ച ക്രിയാത്മകമായ പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഇത് സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ്” എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.

“ദക്ഷിണേഷ്യയിലും അതിനപ്പുറത്തും സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ദീർഘകാല പ്രശ്നമായ ജമ്മു കശ്മീർ തർക്കത്തിന്‍റെ പരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രസിഡന്‍റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ജമ്മു കശ്മീർ തർക്കത്തിന്‍റെ നീതിയുക്തവും ശാശ്വതവുമായ ഏതൊരു പരിഹാരവും പ്രസക്തമായ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും സ്വയം നിർണ്ണയാവകാശം ഉൾപ്പെടെയുള്ള കശ്മീർ ജനതയുടെ മൗലികാവകാശങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും പാകിസ്ഥാൻ ആവർത്തിക്കുന്നു” എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സമാധാനത്തിനായി രാജ്യം ‘പ്രതിജ്ഞാബദ്ധമാണ്’ എന്നും പാകിസ്ഥാൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide