
വാഷിംഗ്ടണ്‍ : അമിത വണ്ണത്തിനുള്ള മരുന്നിന്റെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു പത്രസമ്മേളനത്തിനിടെ ഓവല്‍ ഓഫീസില്‍ ഒരാള്‍ കുഴഞ്ഞുവീണ സംഭവം പോയവാരത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ അടിയന്തര സാഹചര്യത്തില്‍ നിര്‍വികാരനായി നോക്കി നില്‍ക്കുന്ന ട്രംപിന് വിമര്‍ശനം നേരിട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ സംഭവത്തെ ഹാസ്യരൂപത്തില്‍ പുനരവതരിപ്പിച്ച് ചിരി പടര്‍ത്തിയിരിക്കുകയാണ് എന്‍ബിസിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സാറ്റര്‍ഡേ നൈറ്റ് ലൈവ്’ ടിവി ഷോ.
അമേരിക്കന്‍ ഹാസ്യനടന്‍ ജെയിംസ് ഓസ്റ്റിന്‍ ജോണ്‍സണാണ് ട്രംപിന്റെ വേഷത്തിലെത്തിയത്. തനിക്ക് സമീപം തറയില്‍ വീണുകിടക്കുന്ന ആളെ എന്തുകൊണ്ട് സഹായില്ലെന്ന് ട്രംപിന്റെ വിശദീകരണം പോലെ ഹാസ്യരൂപത്തില്‍ താരം പറയുന്നത് ചിരിപടര്‍ത്തുന്നുണ്ട്. ”നിങ്ങളെ അവിടെ കണ്ടില്ല. എന്റെ ഓഫീസില്‍ ആരോ മരിക്കുകയായിരുന്നു. ഞാന്‍ വളരെ സാധാരണക്കാരനായി അഭിനയിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. വെറുതെ നിന്ന് ഒരു സാമൂഹികവിരുദ്ധനെപ്പോലെ നോക്കുകയും ചെയ്യുകയാണ്. ഞാന്‍ സഹായിക്കാന്‍ പോകുന്നതായി നടിക്കുക പോലും ചെയ്തില്ല.” എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ട്രംപായി മാറിയ ജെയിംസ് ഓസ്റ്റിന്‍ പറയുന്നത്.
Trump responds to someone collapsing in the Oval Office pic.twitter.com/7xxFegYOPc
— Saturday Night Live – SNL (@nbcsnl) November 9, 2025
സംഭവ സമയത്ത് ഓവല്‍ ഓഫീസില്‍ ട്രംപിനൊപ്പം ഉണ്ടായിരുന്ന ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ഉള്‍പ്പെടെ ഉള്ളവരെയും ഷോയില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രൂ ഡിസ്മ്യൂക്‌സ് ആണ് റോബര്‍ട്ട് എഫ്. കെന്നഡിയായി വേഷമിട്ടത്. മൈക്കി ഡേ എലി ലില്ലി കമ്പനിയുടെ എക്‌സിക്യൂട്ടീവായും, മാര്‍സെല്ലോ ഹെര്‍ണാണ്ടസ് ഡോ. മെഹ്‌മെറ്റ് ഓസായും, ജെറമി കുല്‍ഹെയ്ന്‍ ബോധരഹിതനായ വീണ വ്യക്തിയായും അഭിനയിച്ചു. ഓവല്‍ ഓഫീസും പുനഃസൃഷ്ടിച്ചു.
ഓവല്‍ ഓഫീസില്‍ സംഭവിച്ചതെന്ത് ?

പ്രസിഡന്റ് ട്രംപ്, മരുന്ന് നിര്‍മ്മാതാക്കളായ എലി ലില്ലി, നോവോ നോര്‍ഡിസ്‌ക് എന്നിവരുമായുള്ള ഒരു കരാറിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു, അമിതവണ്ണം കുറയ്ക്കുന്ന ചികിത്സകളായ സെപ്ബൗണ്ട്, വെഗോവി എന്നിവയുടെ കവറേജ് വിപുലീകരിക്കുകയും വില കുറയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു പ്രഖ്യാപനം. എലി ലില്ലിയുടെ സിഇഒ ഡേവിഡ് റിക്‌സ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സമീപമുണ്ടായിരുന്ന വ്യക്തി കുഴഞ്ഞുവീണത്. അപ്പോൾ അദ്ദേഹത്തെ ഒന്നു നോക്കുകമാത്രം ചെയ്ത ട്രംപ് അയാളുടെ അരുകിലേക്ക് എത്തുകയോ എന്തു സംഭവിച്ചുവെന്ന് തിരക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് കൂടുതല്‍ വ്യക്തത നല്‍കി. ”ട്രംപിന്റെ പ്രഖ്യാപനത്തിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരു കമ്പനിയിലെ ഒരു പ്രതിനിധി ബോധരഹിതനായി. വൈറ്റ് ഹൗസ് മെഡിക്കല്‍ യൂണിറ്റ് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിലേക്ക് കുതിച്ചു, അദ്ദേഹം സുഖമായിരിക്കുന്നു” അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവമാണ് ‘സാറ്റര്‍ഡേ നൈറ്റ് ലൈവ്’ ടിവി ഷോയിലൂടെ ട്രംപിനെ പരിഹസിക്കാൻ പുനരവതരിപ്പിച്ചത്.
‘Saturday Night Live’ TV show roasts Trump










