പെറുവിൽ മാർപാപ്പയ്ക്ക് ആവേശോജ്വല സ്വീകരണം; തന്റെ മാതൃഭൂമിയെന്ന് പോപ്പ് ലിയോ

പെറുവിലേക്കുള്ള വൈകാരികമായ മടക്കയാത്രയിൽ പോപ്പ് ലിയോയ്ക്ക് ലഭിച്ചത് മാർപാപ്പയായ ശേഷമുള്ള ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ സ്വീകരണം. ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ രണ്ടു പതിറ്റാണ്ടോളം മിഷനറിയായി പ്രവർത്തിച്ച ലിയോ, പെറു തന്റെ മാതൃഭൂമിയാണെന്ന് പ്രഖ്യാപിച്ചു.

ബുധനാഴ്ച തലസ്ഥാനമായ ലിമയിലെത്തിയ മാർപാപ്പയെ സ്വീകരിക്കാൻ മൂന്ന് ദശലക്ഷത്തോളം ആളുകൾ എത്തിയെന്നാണ് പ്രാദേശിക അധികൃതരുടെ കണക്ക്. പതാകകളും ബലൂണുകളുമേന്തി ‘ലിയോ, ലിയോ’ എന്ന് ആർപ്പുവിളിച്ചാണ് ജനങ്ങൾ അദ്ദേഹത്തെ വരവേറ്റത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത മാർപാപ്പയും ആവേശത്തോടെയാണ് പ്രതികരിച്ചത്.

പ്രസിഡന്റ് കെയ്‌കോ ഫുജിമോറിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ രാജ്യത്ത് ഐക്യവും ജനവിശ്വാസവും വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ പിതാവും മുൻ ഭരണാധികാരിയുമായ അൽബെർട്ടോ ഫുജിമോറിയുടെ വിവാദ ഭരണകാലത്തെയും പരോക്ഷമായി പരാമർശിച്ചു.

“ഈ മടക്കയാത്ര എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. ഈ നാടിന്റെ വലിയൊരു ഭാഗം ഇപ്പോഴും എന്നോടൊപ്പമുണ്ട്. ആഴമായ നന്ദിയോടെ പറയട്ടെ, ഞാൻ എന്റെ മാതൃഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്,” ലിയോ പറഞ്ഞു.

1990 മുതൽ 2000 വരെ പെറു ഭരിച്ച അൽബെർട്ടോ ഫുജിമോറി മനുഷ്യാവകാശ ലംഘനക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്നു. 2017ൽ മോചിപ്പിക്കപ്പെട്ട അദ്ദേഹം 2024ൽ മരിച്ചു. കഴിഞ്ഞകാല സംഭവങ്ങളെ നീതിയോടെയും പരസ്പര ബഹുമാനത്തോടെയും സമീപിക്കണമെന്നും ദേശീയ അനുരഞ്ജനത്തിന് ശ്രമിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

പെറുവിന്റെ പ്രയാസകരമായ ഭൂതകാലത്തിലെ മുറിവുകൾ പരിഹരിക്കാനും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മാർപാപ്പയുടെ സന്ദർശനം ദേശീയ അനുരഞ്ജനത്തിനുള്ള അവസരമാണെന്ന് പ്രസിഡന്റ് കെയ്‌കോ ഫുജിമോറിയും പറഞ്ഞു.

ഉറുഗ്വേയും അർജന്റീനയും സന്ദർശിച്ച ശേഷമാണ് ലിയോ പെറുവിലെത്തിയത്. ആറു ദിവസം നീളുന്ന സന്ദർശനത്തിനിടെ പഴയ സുഹൃത്തുക്കളെ കാണുകയും 2015 മുതൽ 2023 വരെ ബിഷപ്പായിരുന്ന ചിക്ലായോ നഗരത്തിൽ മൂന്ന് ദിവസം ചെലവഴിക്കുകയും ചെയ്യും. മാർപാപ്പയുടെ വരവിനായി പെറുവിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. കലാവോയിലെ കടൽത്തീരത്ത് 14 മീറ്റർ ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.അർജന്റീന സന്ദർശനത്തിനിടെ രണ്ട് ദശലക്ഷം പേർ പങ്കെടുത്ത കുർബാനയും ലിയോ അർപ്പിച്ചിരുന്നു.

ജയിലിലെ തടവുകാരെ സന്ദർശിച്ച അദ്ദേഹം അവരോട് മാനുഷികമായി പെരുമാറണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശ്വാസകോശ അർബുദ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് മാർപാപ്പ ഈ വിദേശപര്യടനം ആരംഭിച്ചത്. സന്ദർശനത്തിലുടനീളം നീണ്ട പ്രസംഗങ്ങൾ നടത്തിയ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിക്കാതെയാണ് പരിപാടികളിൽ പങ്കെടുത്തത്.

Record crowd greets Pope Leo as he calls Peru his homeland in emotional visit

Also Read

More Stories from this section

family-dental
witywide