
അലാസ്ക: വന്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് കാറുകളുമായെത്തിയ കൂറ്റൻ കപ്പല്‍ അലാസ്ക കടലിൽ ഉപേക്ഷിച്ച് കമ്പനി. 800 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 3000 വാഹനങ്ങളുമായെത്തിയ മോര്‍ണിങ് മിഡാസ് എന്ന കാര്‍ഗോ ഷിപ്പിന് കഴിഞ്ഞ ദിവസമാണ് തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് കപ്പല്‍ കടലില്‍ ഉപേക്ഷിക്കാൻ കമ്പനി തീരുമാനിച്ചു. ക്രൂ അംഗങ്ങളെ സുരക്ഷിതമായി കരയിലെത്തിച്ചു.
അതേസമയം, ഏത് കമ്പനിയുടെ വാഹനങ്ങൾക്കാണ് തീപിടിച്ചതെന്നുള്ള കാര്യം പുറത്ത് വിട്ടിട്ടില്ല. ലണ്ടനിൽ നിന്നുള്ള ഹത്തോൺ നാവിഗേഷൻ ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും സോഡിയാക് മാരിടൈം ലിമിറ്റഡിന്റെ മാനേജ്മെന്റിനും ഉടമസ്ഥാവകാശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്നാണ് ലൈബീരിയ പതാകയേന്തിയ കപ്പല്‍ പുറപ്പെട്ടത്. മെക്സിക്കോ ലക്ഷ്യമാക്കിയായിരുന്നു യാത്ര. അലാസ്കയിൽ എത്തിയപ്പോൾ ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്നും പുക ഉയർന്നു. ഉടൻ തന്നെ തീകെടുത്താന്‍ നടപടികൾ ആരംഭിച്ചെങ്കിലും തീ ആളിപ്പടർന്നു. സ്ഥിതിഗതികൾ കൈവിട്ടതോടെ 22 ജീവനക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ അടുത്തുള്ള കപ്പലിലേക്ക് ജീവനക്കാരെ സുരക്ഷിതമായി മാറ്റി.