ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ സേന വെടിവെച്ചിട്ടതിനു പിന്നാലെ ആരംഭിച്ച യു.എസ്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണവുമായി ഇറാൻ. ബഹ്റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്കുനേരെയുമാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത്. ബഹ്റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടു. ജോർദാനിലെ യു.എസ്. വ്യോമതാവളത്തിന് നേരെയും കുവൈത്തിന് നേരെയും ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും അമേരിക്കൻ സൈന്യത്തിന്റെ അധിനിവേശം തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും ഐ.ആർ.ജി.സി. പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇറാനുമായി സൈനിക സംഘർഷം കടുപ്പിക്കുന്ന രീതിയിലുള്ള ഈ തിരിച്ചടി. ഇതിന് പിന്നാലെ തങ്ങൾക്കെതിരെയുള്ള ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ലെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം. 21 ഓളം കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.അതേസമയം, ഇറാന്റെ തെക്കൻ മേഖലകളിൽനിന്ന് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഈ ആക്രമണങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിൽ നിലവിൽ വ്യക്തതയില്ല. ഇറാനിൽ മൂന്ന് ഘട്ടങ്ങളായാണ് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം നിർത്തിയെന്ന് പ്രഖ്യാപിച്ച് ഏതാനും മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു ഹോർമുസ് കടലിടുക്കിനു സമീപം യു.എസ്. ഹെലികോപ്റ്റർ തകർന്നുവീണത്. പിന്നാലെ ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി ട്രംപ് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന് അമേരിക്ക മറുപടി നൽകുമെന്നും ഹെലികോപ്റ്ററിലെ രണ്ടു പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് അറിയിച്ചു.
അമേരിക്ക – ഇസ്രയേൽ – ഇറാൻ തമ്മിൽ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടക്കുകയും ഏപ്രിൽ 13 മുതൽ യു.എസും ഹോർമുസിൽ നാവിക ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ഇരുകൂട്ടരും ആക്രമിച്ചിരുന്നു. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ കൂടി വേണ്ടിയായിരുന്നു യു.എസ്. അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇവിടെ വിന്യസിച്ചിരുന്നത്.
Iran fires ballistic missiles at US bases in retaliation for US attacks









