
വാഷിംഗ്ടണ്‍ : യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡിന്റെ പേരില്‍ പ്രസിഡന്റ് ട്രംപിന് ട്രോള്‍ മഴ. പരേഡിന്റെ വീഡിയോയില്‍ സൈനികര്‍ ഒട്ടും ഊര്‍ജ്ജസ്വലരല്ലെന്നും പരേഡില്‍ കൃത്യതയും ഏകോപനവും കുറവാണെന്നും കാട്ടിയാണ് സോഷ്യല്‍ മീഡിയ വ്യാപകമായി പരിഹസിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകളില്‍ പരേഡിനെ ട്രംപ് അഭിവാദ്യം ചെയ്യുമ്പോള്‍, യാതൊരു ഏകോപനവുമില്ലാതെ അമേരിക്കന്‍ സൈനികര്‍ അലസമായി മാര്‍ച്ച് ചെയ്യുന്നതായാണ് തോന്നിക്കുന്നത്. ഇന്ത്യയിലെ റിപ്പബ്ലിക് ദിന പരേഡ് അടക്കം, വിവിധ രാജ്യങ്ങളിലെ ഉന്നത പരിപാടികളുടെ ഭാഗമായി നടക്കുന്ന പരേഡുകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ഏകദേശം 45 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ പരേഡിലെ മറ്റൊരു പ്രത്യേകത അത് ട്രംപിന്റെ ജന്മദിനത്താലായിരുന്നു എന്നതാണ്. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളും സൈനിക നേതാക്കളും പങ്കെടുത്തിരുന്നു.
.@POTUS salutes as soldiers of the 75th Ranger Regiment and Special Forces march in the @USArmy Grand Military Parade pic.twitter.com/7eCRoB7iRv
— Rapid Response 47 (@RapidResponse47) June 14, 2025
1991 ന് ശേഷം യുഎസില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു ഇത്. ടാങ്കുകളും റോബോട്ട് നായ്ക്കളും ചേര്‍ന്ന് 6,600-ലധികം സൈനികര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവിലൂടെ മാര്‍ച്ച് ചെയ്തു. മനസില്ലാ മനസോടെയാണ് സൈനികര്‍ പങ്കെടുത്തതെന്നാണ് ചിലരുടെ കമന്റ്. ‘ഇതൊരു മോശം ഷോ ആയിരുന്നു. ബൂട്ട് ക്യാമ്പിലെ റിക്രൂട്ട്മെന്റുകള്‍ക്ക് ഇതിനേക്കാള്‍ മികച്ച രീതിയില്‍ മാര്‍ച്ച് ചെയ്യാന്‍ കഴിയും,’ എന്ന് മറ്റൊരാള്‍ കുറിച്ചു. ‘ഇന്ത്യയിലെ എന്‍സിസി കേഡറ്റുകള്‍ക്ക് പോലും അമേരിക്കയേക്കാള്‍ മികച്ച പരേഡ് മാര്‍ച്ചുകള്‍ നടത്താന്‍ കഴിയുമെന്നായിരുന്നു മറ്റൊരു പരിഹാസം.
ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തിന്റെ 250-ാം വാര്‍ഷികം ഇത്രയും മോശമായി അവതരിപ്പിക്കപ്പെട്ടതിന്റെ നിരാശയാണ് ഏറിയപങ്ക് ആളുകളുടേയും പ്രതികരണത്തില്‍ നിറഞ്ഞു നിന്നത്. എന്തായാലും ഈ വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം എന്താണെന്ന് ലോകം ഉറ്റു നോക്കുന്നുണ്ട്.