
മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൻ റെയ്ഡ് നടത്തി. മൂന്ന് സംസ്ഥാനങ്ങളിലെയും പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെത്തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസാണിതെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നും കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് തിരൂരങ്ങാടി ചെമ്മാട് വെച്ച് ഉള്ളി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച് ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിലാണ് എൻഐഎയുടെ ഈ തുടരന്വേഷണം. ഇതിന്റെ ഭാഗമായി മലപ്പുറത്തെ തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യവും എൻഐഎ വിശദമായി പരിശോധിച്ചു. ഇന്ന് എൻഐഎ സംഘം നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് ഇതുവരെ പിടിച്ചെടുത്ത വൻ സ്ഫോടകവസ്തു ശേഖരം. ഇത്രയധികം സ്ഫോടകവസ്തുക്കൾ എന്തിനാണ് കടത്തിക്കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകൾ ആരെല്ലാമാണെന്നും കണ്ടെത്താൻ എൻഐഎ അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടുപോവുകയാണ്.
Malappuram explosives case poses threat to national security; NIA conducts raids at 19 locations across 3 states














