ഭോപ്പാൽ: ഭഗവാൻ ശ്രീകൃഷ്‌ണൻ വെണ്ണക്കള്ളൻ (മഖൻചോർ)അല്ലെന്നും വെണ്ണക്കലം ഉടയ്ക്കൽ സ്വേച്ഛാധിപത്യത്തിനെതിരായ പ്രതീകാത്മക നിലപാടായിരുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭഗവാൻ ശ്രീകൃഷ്‌ണനെ വെണ്ണക്കള്ളൻ (മഖൻചോർ) എന്ന് വിശേഷിപ്പിക്കുന്നതിനെതിരേ ക്യാമ്പയിൻ നടത്തുകയാണെന്നും കൃഷ്ണന്റെ പ്രവൃത്തികൾക്ക് സാധാരണയായി വിശ്വസിക്കുന്നതിനേക്കാൾ ആഴത്തിലുള്ള അർഥമുണ്ടായിരുന്നുവെന്നും മോഹൻ യാദവ് പറഞ്ഞു. ഭോപ്പാലിൽ ജന്മാഷ്‌ടമിയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മാവനും അടിച്ചമർത്തുന്ന ഭരണാധികാരിയുമായ കംസൻ ജീവിച്ചിരുന്ന മഥുരയിലേക്ക് കൃഷ്‌ണൻ്റെ ഗോകുലത്തിൽ നിന്ന്, ആയിരക്കണക്കിന് പശുക്കളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വെണ്ണ അയച്ചിരുന്നു. ഇതിനെതിരെ കൃഷ്ണൻ തൻ്റെ സഹഗോപാലകരോട് വെണ്ണ കഴിക്കാനും കലങ്ങൾ ഉടയ്ക്കാനും ശത്രുവിലേക്ക് അത് എത്തരുതെന്ന് പറയുകയും ചെയ്തു. അത് മോഷണമായിരുന്നില്ല, അനീതിക്കെതിരായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനമായിരുന്നുവെന്നും മോഹൻ യാദവ് പറഞ്ഞു.
സ്നേഹത്തെക്കുറിച്ചും അടിച്ചമർത്തിലിനെതിരായ ചെറുത്തുനിൽപ്പിനെക്കുറിച്ചുമുള്ളതാണ് കൃഷ്ണന്റെ കഥ. അല്ലാതെ മോഷണത്തെക്കുറിച്ചുള്ളതല്ല. ശ്രീകൃഷ്ണൻ വളർന്നത് സമ്പന്നമായ ഒരു കുടുംബത്തിലാണെന്നും അദ്ദേഹത്തിന് മോഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നു. മറ്റുള്ളവരുടെ മുന്നിൽവെച്ച് വെണ്ണ പരസ്യമായി പങ്കുവെച്ചതിലൂടെ, ആ പ്രവൃത്തി ഒരു കുസൃതി എന്നതിലുപരി ഒരു പ്രതീകാത്മക പ്രതിഷേധമായി മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് സാംസ്‌കാരിക വകുപ്പ് കൃഷ്ണൻ വെണ്ണക്കള്ളനല്ലെന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സന്യാസിമാർ, പുരോഹിതന്മാർ, കഥാകാരന്മാർ, മതനേതാക്കൾ എന്നിവരെ ഈ പ്രചാരണത്തിൽ ഉൾപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സന്യാസിമാരും മഹന്തുമാരും വെണ്ണക്കള്ളൻ (മഖൻചോർ) എന്ന വിശേഷണം ഒഴിവാക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും കംസന്റെ നയങ്ങൾക്കെതിരായുള്ള കൃഷ്‌ണന്റെ പ്രതിഷേധമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ സാംസ്കാരിക ഉപദേഷ്ടാവ് ശ്രീറാം തിവാരി പറഞ്ഞു. പ്രചാരണത്തിന് സാംസ്‌കാരിക പരിപാടികൾ, ഉത്സവങ്ങൾ, മതപരമായ സമ്മേളനങ്ങൾ എന്നിവയിലൂടെ പ്രോത്സാഹനം നൽകും. അതേസമയം, വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് ബിജെപി സർക്കാർ രാഷ്ട്രീയലാഭത്തിനുവേണ്ടി മാറ്റിയെഴുതാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചു.















