
നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ വേഗത്തിൽ വിചാരണ നടത്തുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ വിചാരണ നടപടികൾ തടസ്സപ്പെട്ടു. സിബിഐയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്നാണ് ദില്ലി റൗസ് അവന്യൂ കോടതിയിലെ വിചാരണ നടപടികൾ തടസ്സപ്പെട്ടതും കേസ് മാറ്റിവെച്ചതും. സിബിഐക്കായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയോഗിക്കാൻ കോടതി നിർദ്ദേശം നൽകി.
സിബിഐ അറസ്റ്റ് ചെയ്ത 13 പ്രതികളിൽ രണ്ടുപേരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിബിഐ അഭിഭാഷകന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ ഈ ഹർജികൾ പരിഗണിക്കുന്നത് ഓഗസ്റ്റ് 3-ലേക്ക് മാറ്റി വെക്കുകയായിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്താൻ കോടതി നിർദ്ദേശിച്ചു.
സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മോദി സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും റീൽസ് നിർമ്മാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരിന് വിദ്യാർത്ഥികളുടെ ഭാവി ഒരു വിഷയമേയല്ലെന്നും കോൺഗ്രസ് ആരോപിച്ചു. നീറ്റ് ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഈ ഫാസ്റ്റ് ട്രാക്ക് കോടതികൾ.
NEET Paper Leak: First Hearing Adjourned in Special Fast Track Court as CBI Lawyer Fails to Appear














