
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും നേതാക്കൾക്കും എതിരെ പൊലീസ് കേസെടുക്കുന്നതിലും പ്രതികാര നടപടികൾ സ്വീകരിക്കുന്നതിലും പ്രതികരിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. സമാധാനപരമായി പ്രതിഷേധം നടത്തിയവർക്കെതിരെ കേസെടുക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പെന്നും, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഉയർത്തിയ പരാതികൾ സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരം അവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങൾ ദില്ലി പൊലീസും സർക്കാരും ലംഘിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ പ്രതികരണം.
ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ, സമരക്കാർക്കെതിരെ കേന്ദ്രവും പൊലീസും പ്രതികാര നടപടികളിലേക്ക് കടക്കുകയാണെന്ന് സിജെപി വക്താക്കൾ ആരോപിച്ചു. വാഗ്ദാനം പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് തിരികെ പോകുമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. സമരക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും സിജെപി വ്യക്തമാക്കി.
പൊലീസ് അതിക്രമങ്ങളും പ്രതികാര നടപടികളും രേഖപ്പെടുത്താനും ഇരയായവർക്ക് നിയമസഹായം നൽകാനുമായി ‘സാക്ഷി’ എന്ന പേരിൽ പുതിയ വെബ്സൈറ്റും സിജെപി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടക്കുന്ന ഇത്തരം അതിക്രമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിവരങ്ങളും പൊതുജനങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് പങ്കുവെക്കാം. പൊലീസ് നടപടിയെ ശക്തമായി ചെറുക്കാനും വിവരങ്ങൾ ശേഖരിക്കാനുമാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
CJP Alleges Breach of Promise Over Cases Against NEET Protesters; Centre Says Complaints Will Be Examined













