
ട്രംപ് ഓര്‍ഗനൈസേഷന്റെ പുതുതായി പ്രഖ്യാപിച്ച സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഫോണ്‍ യു.എസില്‍ നിര്‍മ്മിക്കുമെന്ന ട്രംപ് കുടുംബത്തിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് ചൈനയിലേക്ക് ശ്രദ്ധ തിരിയുന്നത്.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തിങ്കളാഴ്ചയാണ് സ്വര്‍ണ്ണ നിറമുള്ള ടി1 എന്ന മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. ഈ സ്മാര്‍ട്ട്ഫോണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഫോണ്‍ ‘യുഎസില്‍ നിര്‍മ്മിച്ചതായിരിക്കും’ എന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ പറയുന്നുണ്ടെങ്കിലും, ഫോണ്‍ രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിക്കുന്നതും ഒരു ചൈനീസ് സ്ഥാപനമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
‘ഫോണ്‍ ആദ്യം മുതല്‍ രൂപകല്‍പ്പന ചെയ്തിരിക്കാന്‍ ഒരു വഴിയുമില്ല, അത് യുഎസില്‍ കൂട്ടിച്ചേര്‍ക്കാനോ പൂര്‍ണ്ണമായും യുഎസില്‍ നിര്‍മ്മിക്കാനോ ഒരു വഴിയുമില്ല, അത് പൂര്‍ണ്ണമായും അസാധ്യമാണ്.’ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പിന്റെ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ്‌കോ ജെറോണിമോ ചൊവ്വാഴ്ച സിഎന്‍ബിസിയോട് പറഞ്ഞു.
മറ്റൊരു സ്ഥാപനത്തിന്റെ സ്‌പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ചൈനീസ് കമ്പനിയായ ODM ഫോണ്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും ജെറോണിമോ സൂചിപ്പിച്ചു.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലും ചൈനയിലും നിര്‍മ്മിക്കുന്ന ഐഫോണിന് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് സ്വന്തം ഫോണിനായി ചൈനയെ ആശ്രയിക്കേണ്ടി വരുന്നത്.
യുഎസില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്നും ഇത് ഉല്‍പ്പന്നത്തിന്റെ വില ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനുപുറമെ, യുഎസില്‍ വലിയ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുന്നതിന് നിരവധി വര്‍ഷങ്ങള്‍ എടുക്കുമെന്നും അമേരിക്കന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് ഫോണ്‍
മൊബൈലിനൊപ്പം പുതിയ നെറ്റ്വര്‍ക്ക് കണക്ഷഷനും സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം പുറത്തിറക്കുന്ന, യുഎസ് പതാക ആലേഖനം ചെയ്ത ഗോള്‍ഡന്‍ നിറത്തിലെ ‘ടി1’ ഫോണിന് 499 ഡോളറായിരിക്കും വില.
യുഎസ് പൗരന്മാര്‍ക്ക് 100 രാജ്യങ്ങളിലേക്കു വിളിക്കാം, അണ്‍ലിമിറ്റഡ് ടോക്ക് ടൈം, 20 ജിബി ഹൈ സ്പീഡ് ഡേറ്റ, 24 മണിക്കൂറും ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ എന്നിങനെയുള്ള പ്രതിമാസ ഓഫറുകളും ഇതോടൊപ്പമുണ്ട്. ട്രംപിന്റെ പ്രസിഡന്‍സി കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രതിമാസ ചാര്‍ജ്ജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 47.45 ഡോളര്‍ ! ട്രംപ് ഇപ്പോള്‍ യുഎസിന്റെ 47-ാം പ്രസിഡന്റാണ്. 45-ാം പ്രസിഡന്റുമായിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തിയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്.










