മിഡിൽ ഈസ്റ്റ് പുനർനിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകാൻ തയ്യാർ; എന്നാൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണമെന്ന് ജർമ്മൻ ചാൻസലർ ഫ്രീഡ്രിഹ് മെർസ്

ബർലിൻ: മേഖലയിലെ യുദ്ധസാഹചര്യങ്ങൾ പൂർണ്ണമായി അവസാനിച്ചാൽ മിഡിൽ ഈസ്റ്റിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന സൂചന നൽകി ജർമ്മൻ ചാൻസലർ ഫ്രീഡ്രിഹ് മെർസ്. എന്നാൽ ഇതിനായുള്ള ഏതൊരു നീക്കത്തിനും മുൻപ് നിലവിലെ സംഘർഷങ്ങൾ പൂർണ്ണമായി നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബർലിനിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മേഖലയിൽ തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിൽ നമുക്ക് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ അതിനെല്ലാമുപരിയായി ആദ്യം അവിടെ നടക്കുന്ന യുദ്ധം പൂർണ്ണമായി അവസാനിക്കേണ്ടതുണ്ട്,” ചാൻസലർ വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രീഡ്രിഹ് മെർസും തമ്മിൽ കടുത്ത നയതന്ത്ര ഭിന്നത ഉടലെടുത്തിരുന്നു. ഇറാനുമായി ഒരു സുസ്ഥിര കരാറിലെത്തുന്നതിൽ പരാജയപ്പെട്ടതിലൂടെ വാഷിംഗ്ടൺ അന്താരാഷ്ട്ര തലത്തിൽ “അപമാനിതരായി” എന്ന് മെർസ് പരസ്യമായി വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയ്ക്ക് കൃത്യമായ ഒരു സൈനിക തന്ത്രമില്ലെന്നും അന്ന് ജർമ്മൻ ചാൻസലർ കുറ്റപ്പെടുത്തിയിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെക്കുറിച്ചുള്ള ജർമ്മനിയുടെ പുതിയ പ്രതികരണം.

More Stories from this section

family-dental
witywide