മെക്സിക്കോയുടെ ലോകകപ്പ് ആഘോഷത്തിനിടെ ദുരന്തം; മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു

മെക്സിക്കോയുടെ ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ശ്വാസംമുട്ടി മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ 19-കാരിയായ യുവതിയും ഉൾപ്പെടുന്നുവെന്ന് നഗര ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. 19-കാരിക്കു പുറമെ 48-കാരിയായ സ്ത്രീയും 44-കാരനായ പുരുഷനുമാണ് മരിച്ചത്. ലോകകപ്പിൽ ഇക്വഡോറിനെ 2-0ന് തോൽപ്പിച്ചതിന് പിന്നാലെ നഗരത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെയാണ് ദുരന്തമുണ്ടായത്.

1986ന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ മെക്സിക്കോ നേടുന്ന ആദ്യ വിജയത്തിന്റെ ആഘോഷത്തിനായി പത്ത് ലക്ഷത്തിലധികം ആളുകൾ നഗരത്തിലെ തെരുവുകളിലിറങ്ങിയതായി സർക്കാർ അറിയിച്ചു. ഡൗൺടൗണിലെ പ്രശസ്തമായ ഏയ്ഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ് സ്മാരകത്തിന് ചുറ്റുമായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടിയത്. പാസിയോ ഡി ലാ റെഫോർമ മേഖലയിലെ വിവിധ സ്ഥലങ്ങളിലായാണ് ബോധരഹിതരായി മൂന്ന് പേരെ അടിയന്തര സേവന വിഭാഗം കണ്ടെത്തിയതെന്നും രോഗികൾക്ക് പ്രാഥമിക ശുശ്രൂഷയും സി.പി.ആറും നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ചികിത്സയ്ക്കിടെ മൂന്നുപേരും ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പിന്നീട് ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച മേയർ ക്ലാര ബ്രുഗാഡ, ആഘോഷങ്ങൾ എപ്പോഴും ഉത്തരവാദിത്തത്തോടെയും കരുതലോടെയും മറ്റുള്ളവരോടുള്ള സഹാനുഭൂതിയോടെയും നടത്തണം എന്ന് ആരാധകരോട് അഭ്യർഥിച്ചു. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഗര മേയർ ക്ലാര ബ്രുഗാഡ അനുശോചനം രേഖപ്പെടുത്തി. കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അവർ അറിയിച്ചു.

മെക്സിക്കോയുടെ വിജയത്തിന് പിന്നാലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വൻ ആഘോഷങ്ങളാണ് നടന്നത്. മത്സരം അവസാനിച്ച ശേഷവും ഏറെ നേരം പടക്കങ്ങൾ പൊട്ടിക്കുകയും ആഘോഷങ്ങൾ തുടരുകയും ചെയ്തു. മത്സരത്തിന് മുമ്പ് തന്നെ, ഏയ്ഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ് സ്മാരകത്തിന് സമീപം കളി കാണാൻ എത്തുന്നവർ മറ്റിടങ്ങളിലേക്ക് പോകണമെന്ന് മേയർ മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെ ഇതിനകം തന്നെ വൻ ജനക്കൂട്ടം എത്തിയിരുന്നുവെന്ന് അവർ വ്യക്തമാക്കിയിരുന്നു. രണ്ട് കോടിയിലധികം ജനങ്ങൾ താമസിക്കുന്ന മെക്സിക്കോ സിറ്റി ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലൊന്നാണ്.

അതേസമയം, ഇക്വഡോറിനെതിരായ വിജയത്തോടെ മെക്സിക്കോ ലോകകപ്പിന്റെ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 16) ഘട്ടത്തിലെത്തി. ബുധനാഴ്ച ഡി.ആർ. കോംഗോയെ ഇംഗ്ലണ്ട് തോൽപ്പിച്ചാൽ അടുത്ത റൗണ്ടിൽ മെക്സിക്കോയ്ക്ക് ഇംഗ്ലണ്ടിനെ നേരിടേണ്ടി വന്നേക്കും.

A 19-year-old woman is among three people to have died from suffocation during World Cup celebrations in Mexico City on Tuesday.

More Stories from this section

family-dental
witywide