അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഖത്തർ സമ്മാനിച്ച ആഡംബര എയർഫോഴ്സ് വൺ വിമാനത്തിൽ ബുധനാഴ്ച ആദ്യമായി യാത്ര ചെയ്തു. പുതിയ വിമാനത്തിലെ ആദ്യയാത്രയിൽ അതിയായ ആവേശമുണ്ടെന്നും ഈ സമ്മാനത്തിന് ഖത്തറിന് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ നിർമ്മിച്ച ബോയിങ് 747-8 വിമാനമാണെങ്കിലും, പ്രസിഡന്റ് ഉപയോഗിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തി ഇത് സമഗ്രമായി നവീകരിച്ചതാണെന്ന് ട്രംപ് വ്യക്തമാക്കി.
“സത്യം പറഞ്ഞാൽ ആദ്യയാത്രയെ കുറിച്ച് എനിക്ക് വലിയ ആവേശമുണ്ട്. ഇതുപോലൊരു വിമാനം ആരും കണ്ടിട്ടില്ല,” നോർത്ത് ഡക്കോട്ടയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിയഡോർ റൂസവെൽറ്റ് പ്രസിഡൻഷ്യൽ ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് 80-കാരനായ ട്രംപ് നോർത്ത് ഡക്കോട്ടയിലേക്ക് യാത്രതിരിച്ചത്.
വാഷിങ്ടണിന് സമീപമുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് സംസാരിച്ച ട്രംപ്, വിമാനം ഇപ്പോഴാണ് പൂർണമായി തയ്യാറാക്കിയത്. പ്രസിഡന്റിന് അനുയോജ്യമാകുന്ന തരത്തിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മറ്റ് സാങ്കേതിക സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. അതീവ സങ്കീർണമായ സംവിധാനങ്ങളാണെങ്കിലും ഇത് ശരിക്കും അസാധാരണമാണ് എന്ന് പ്രതികരിച്ചു. നൂറുകണക്കിന് മില്യൺ ഡോളർ വിലമതിക്കുന്ന വിമാനം ഖത്തർ പോലൊരു വിദേശരാജ്യം അമേരിക്കൻ പ്രസിഡന്റിന് സമ്മാനിച്ചതിനെതിരെ ധാർമികത, ഭരണഘടന, ദേശീയ സുരക്ഷ എന്നിവ സംബന്ധിച്ച നിരവധി ആശങ്കകൾ ഉയർന്നിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന സമ്പന്ന ഗൾഫ് രാജ്യമായ ഖത്തർ കഴിഞ്ഞ വർഷമാണ് വിമാനം സമ്മാനിച്ചത്. തുടർന്ന് വിപുലമായ മാറ്റങ്ങളും സുരക്ഷാ പരിശോധനകളും നടത്തിയ ശേഷമാണ് ഇത് സേവനത്തിനൊരുങ്ങിയത്. ട്രംപിന്റെ കുടുംബത്തിന്റെ ക്രിപ്‌റ്റോകറൻസി സംരംഭങ്ങളിൽ നിന്ന് അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തിയ ആദ്യവർഷം ഏകദേശം 1.2 ബില്യൺ ഡോളർ വരുമാനം നേടിയെന്ന രേഖകൾ പുറത്തുവന്നതിനെ തുടർന്ന് ധാർമികത സംബന്ധിച്ച പുതിയ വിമർശനങ്ങൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ വിമാനത്തിലെ ആദ്യയാത്ര.
എന്നാൽ ഖത്തർ നൽകിയ വിമാനം പ്രസിഡന്റ് ഉപയോഗത്തിനായി സജ്ജമാക്കാൻ അമേരിക്കൻ നികുതിദായകർക്ക് വളരെ ചെറിയ ചെലവ് മാത്രമാണ് വന്നതെന്ന് ട്രംപ് പറഞ്ഞു. മറ്റൊരു മാർഗത്തിലൂടെ ഇതേ നിലവാരത്തിലുള്ള വിമാനം നിർമ്മിക്കണമെങ്കിൽ അതിനേക്കാൾ വളരെ വലിയ തുക ചെലവാകുമായിരുന്നു. സത്യത്തിൽ ഇതുപോലൊരു വിമാനം നിർമ്മിക്കാൻ ആവശ്യമായ ചെലവ് വഹിക്കാൻ ഞങ്ങൾ തയ്യാറാകുമായിരുന്നില്ല. ഖത്തർ അതിന് വൻതുക ചെലവഴിച്ചു എന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ അമീറിനോട് വിമാനം ഉപയോഗിക്കാൻ അനുമതി ചോദിച്ചപ്പോൾ, അല്ല, ഇത് അമേരിക്കൻ രാജ്യത്തിനുള്ള എന്റെ സംഭാവനയായിരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ട്രംപ് പറഞ്ഞു.
ബോയിങ് കമ്പനി പ്രത്യേകമായി നിർമ്മിക്കുന്ന രണ്ട് പുതിയ എയർഫോഴ്സ് വൺ വിമാനങ്ങൾ കൈമാറുന്നതുവരെ ഈ വിമാനം താൽക്കാലികമായി ഉപയോഗിക്കും. നിർമാണത്തിലെ കാലതാമസവും ചെലവ് വർധനവും കാരണം പുതിയ വിമാനങ്ങൾ എത്താൻ ഇനിയും ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഉപയോഗിക്കുന്ന പഴയ എയർഫോഴ്സ് വൺ വിമാനങ്ങൾക്ക് പകരം പുതിയവ കൊണ്ടുവരണമെന്ന് ട്രംപ് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചത്തെ യാത്രയ്ക്കിടെയും നിലവിലെ എയർഫോഴ്സ് വൺ വിമാനങ്ങളിലൊന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അനുഗമിച്ചതായി റിപ്പോർട്ടുകളുണ്ട്.
US President Donald Trump said Wednesday he was thrilled to make his first flight aboard his new Air Force One plane, thanking Qatar for the controversial gift of the luxury jet.















