
വാഷിംഗ്ടണ്‍: മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അടുത്ത 2 മാസത്തിനുള്ളിൽ മരണം സംഭവിക്കാമെന്ന് അവകാശപ്പെട്ട് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായിയും മാഗാ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) ഇൻഫ്ലുവൻസറുമായ ലോറ ലൂമർ. ബൈഡന് തീവ്രമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതായി ഡെമോക്രാറ്റിക് ഓഫീസ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഇവരുടെ പ്രതികരണം. ബൈഡന് കഴിഞ്ഞ ജൂലൈയിൽ മാരകമായ രോഗമുണ്ടെന്ന് താൻ പറഞ്ഞപ്പോൾ വിശ്വസിക്കാത്തതിന് ആളുകൾ തന്നോട് ക്ഷമ ചോദിക്കണം എന്നും ലൂമർ പറഞ്ഞു. “മെഡിക്കൽ എമർജൻസിയെക്കുറിച്ച് ഞാൻ പറഞ്ഞത് ശരിയായിരുന്നു…അദ്ദേഹം മരിക്കുമ്പോഴും ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിയും. ബൈഡന് മാരകമായ രോഗമുണ്ട്… ഒരുപാട് ആളുകൾ എന്നോട് ക്ഷമ ചോദിക്കാനുണ്ട്. ബൈഡന് കഴിഞ്ഞ ജൂലൈയിൽ മാരകമായ രോഗമുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ടെർമിനൽ എന്നത് 6 മാസം മുതൽ ഒരു വർഷം വരെയാണ്… അധികം താമസിയാതെ അത് സംഭവിക്കും,” അവർ പറഞ്ഞു.
ജോ ബൈഡൻ മരിക്കുകയാണ് എന്ന് അവകാശപ്പെട്ട 2024 ജൂലൈയിലെ ഒരു പോസ്റ്റ് അവർ റീട്വീറ്റ് ചെയ്തു, “ജൂലൈയിൽ ഞാൻ പറഞ്ഞതുപോലെ, ബൈഡന് മാരകമായ രോഗമുണ്ട്. അദ്ദേഹത്തിന്‍റെ സഹോദരൻ ഫ്രാങ്ക് ബൈഡന് മാരകമായ രോഗമുണ്ടെന്ന് വെളിപ്പെടുത്തിയതിനെക്കുറിച്ച് ഞാൻ റിപ്പോർട്ട് ചെയ്തത് മറക്കരുത്… അടുത്ത 2 മാസത്തിനുള്ളിൽ ബൈഡൻ മരിക്കാൻ സാധ്യതയുണ്ട്” എന്നും അവർ എഴുതി. അതേസമയം, മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ദുഖം പങ്കുവയ്ക്കുന്നവരും പിന്തുണ നല്‍കുന്നവരും ധാരാളമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ഒബാമ, മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവര്‍ ദുഖം പങ്കുവെച്ച് എത്തിയിട്ടുണ്ട്.
ബൈഡന്റെ രോഗനിര്‍ണ്ണയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ദുഖം പങ്കുവെച്ചു. ‘ജോ ബൈഡന്റെ സമീപകാല മെഡിക്കല്‍ രോഗനിര്‍ണ്ണയത്തെക്കുറിച്ച് കേട്ടതില്‍ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണ്, ജോയ്ക്ക് വേഗത്തിലും വിജയകരമായും സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആശംസിക്കുന്നു’- എന്ന് ട്രംപ് എഴുതി.താനും ഭര്‍ത്താവ് ഡഗ് എംഹോഫും ബൈഡന്‍ കുടുംബത്തെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്തുന്നുവെന്ന് ബൈഡന്റെ കീഴില്‍ സേവനമനുഷ്ഠിച്ച മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് എക്സില്‍ എഴുതി. ജോ ഒരു പോരാളിയാണ് – അദ്ദേഹത്തിന്റെ ജീവിതത്തെയും നേതൃത്വത്തെയും എല്ലായ്‌പ്പോഴും നിര്‍വചിച്ച അതേ ശക്തിയോടെയും, പ്രതിരോധശേഷിയോടെയും, ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാമെന്നും കമല കുറിച്ചു.














