
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ മാസം സെനറ്റിലൂടെ പാസാക്കാൻ ശ്രമിക്കുന്ന തന്‍റെ നികുതി, ആഭ്യന്തര നയ ബില്ലിനോടുള്ള കെന്‍ററക്കി സെനറ്ററുടെ തുടർച്ചയായ എതിർപ്പിനെത്തുടർന്ന് സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് പോലും അദ്ദേഹത്തെ സഹിക്കാൻ കഴിയില്ല എന്നാണ് ട്രംപ് പറഞ്ഞത്.
ട്രൂത്ത് സോഷ്യലിൽ തുടർച്ചയായി പോസ്റ്റുകൾ ഇട്ടാണ് ട്രംപ് പോളിനെ ലക്ഷ്യമിട്ടത്. പ്രസിഡന്‍റിന്‍റെ വലിയ, മനോഹരമായ ബിൽ അഞ്ച് ട്രില്യൺ ഡോളർ കടം വർദ്ധിപ്പിക്കുമെന്ന പോളിന്‍റെ ഫോക്സ് ബിസിനസ് അഭിമുഖത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. റാൻഡ് പോളിന് ഈ ബില്ലിനെക്കുറിച്ച് വളരെ കുറഞ്ഞ ധാരണയേ ഉള്ളൂ എന്ന് ട്രംപ് തിരിച്ചടിച്ചു. പ്രത്യേകിച്ചും വരാനിരിക്കുന്ന വലിയ വളർച്ചയെക്കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയില്ലെന്നും ട്രംപ് എഴുതി. അദ്ദേഹം എല്ലാ കാര്യങ്ങളിലും ‘നോ’ എന്ന് വോട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നു, അത് നല്ല രാഷ്ട്രീയമാണെന്ന് അദ്ദേഹം കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.















