അനധികൃത കുടിയേറ്റക്കാരെതേടി വ്യാപക പരിശോധന, അറസ്റ്റ്: ലോസ് ഏഞ്ചല്‍സ് പ്രതിഷേധം കൈകാര്യം ചെയ്യാന്‍ ‘ഇടപെടുമെന്ന്’ ട്രംപ്

ലോസ് ഏഞ്ചല്‍സ് : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ലോസ് ഏഞ്ചല്‍സില്‍ വ്യാപകമായി പരിശോധന നടത്തുന്നതിനെതിരെ ഉയര്‍ന്ന കനത്ത പ്രതിഷേധം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ‘ഇടപെടുമെന്ന്’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസ്‌കമിനും ലോസ് ഏഞ്ചല്‍സിലെ മേയര്‍ കാരെന്‍ ബാസിനും അവരുടെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, തന്റെ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (I-C-E) പരിശോധനകള്‍ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ദിവസവും ലോസ് ഏഞ്ചല്‍സില്‍ പ്രതിഷേധം തുടര്‍ന്നതോടെ ട്രംപ് ഭരണകൂടം നഗരത്തില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചു.

രാജ്യവ്യാപകമായി ഒരു ദിവസം 2,000 രേഖകളില്ലാത്ത ആളുകളെ I-C-E അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ലോസ് ഏഞ്ചല്‍സില്‍ മാത്രം 118 പേര്‍ ഉള്‍പ്പെടുന്നു. അറസ്റ്റു ചെയ്തവരെ പാര്‍പ്പിച്ച തടങ്കല്‍ കേന്ദ്രം വളഞ്ഞ 1,000-ത്തിലധികം പ്രതിഷേധക്കാരില്‍ പലരെയും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, മേയര്‍ കാരെന്‍ ബാസ് എന്നിവരുള്‍പ്പെടെ കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് നേതാക്കളാണ് പ്രതിഷേധത്തിന് കാരണക്കാരെന്ന് ഹോംലാന്‍ഡ് വകുപ്പ് ആരോപിക്കുന്നു. ‘ലോസ് ഏഞ്ചല്‍സിലെ നിയമപാലകരെ നിയമവിരുദ്ധ കലാപകാരികള്‍ അക്രമാസക്തമായി ലക്ഷ്യമിടുന്നത് നിന്ദ്യമാണ്, മേയര്‍ ബാസും ഗവര്‍ണര്‍ ന്യൂസമും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണം,ഹോംലാന്‍ഡ് വക്താവ് പറഞ്ഞു. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് അത് കാരണമാകുമെന്ന് ഹോംലാന്‍ഡ് വകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.