
തിരുവനന്തപുരം: രാജ്യത്തെ സ്കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ‘പി എം ശ്രീ’ പദ്ധതിയിൽ സംസ്ഥാനം പങ്കാളിയായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തിന് വീണ്ടും കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ, പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഈ വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്.
കേരളം പദ്ധതിയുടെ ഭാഗമാകാൻ ഇതിനകം തന്നെ ധാരണാപത്രം (MoU) ഒപ്പിട്ടിട്ടുള്ള കാര്യവും കത്തിൽ കേന്ദ്രം ഓർമ്മിപ്പിച്ചു. വിദ്യാലയങ്ങളിൽ മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ പി എം ശ്രീ പദ്ധതി അനിവാര്യമാണെന്നാണ് കേന്ദ്ര നിലപാട്.
അതേസമയം, പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനെതിരെ കെപിസിസി ഭാരവാഹി യോഗത്തിൽ കടുത്ത എതിർപ്പാണ് ഉയർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് കാരണം ഇത്തരം കേന്ദ്ര പദ്ധതികളോടുള്ള വിയോജിപ്പാണെന്നും, അതിനാൽ സംസ്ഥാനത്ത് ഇത് നടപ്പാക്കാൻ അനുവദിക്കരുതെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം പി എം ശ്രീ പദ്ധതി മാത്രമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഇപ്പോൾ ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ല. കർണാടക, തെലങ്കാന ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര നിർദേശങ്ങൾ അതേപടി അംഗീകരിക്കുന്നതിന് പകരം, സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ചില ഉപാധികൾ കേന്ദ്രത്തിന് മുന്നിൽ വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായി രാജ്യത്തുടനീളം 14,500 സ്കൂളുകളെ ആധുനിക മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പി എം ശ്രീ പദ്ധതി.
PM SHRI Scheme: Centre sends a second letter intensifying pressure on Kerala;















