
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്ന സമയം ഏകീകരിക്കാനും, പവർ കട്ട് സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചു. ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർ കട്ട് ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്ന പുതിയ സംവിധാനം വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനമൊട്ടാകെ നിലവിൽ വരും.
കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘വിത് യു’ (With You) വഴിയും മൊബൈൽ ഫോണുകളിൽ എസ്.എം.എസ് (SMS) ആയും വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ബോർഡിന്റെ ‘ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി’ പുതിയ ആപ്പിനെ ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഈ സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങൾ നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സംവിധാനം പൂർണ്ണ വിജയമായതിനെ തുടർന്നാണ് കേരളമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് 700 മെഗാ വാട്ടിന്റെ വൈദ്യുതി കുറവാണ് നേരിട്ടതെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സമയക്രമീകരണവും മുൻകൂർ അറിയിപ്പ് സംവിധാനവും കെ.എസ്.ഇ.ബി ഏർപ്പെടുത്തുന്നത്.
Power cut timings in the state are being standardized; consumers will receive a mobile alert 90 minutes in advance.















