
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാലോ അമാനുഷിക ശക്തി കൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് പൂർണ്ണ ഉത്തരവാദി മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും ഭരണപരമായ വീഴ്ചകളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് തുടക്കം കുറിച്ച പദ്ധതികൾക്കപ്പുറം പുതിയതൊന്നും ചെയ്യാൻ കഴിഞ്ഞ സർക്കാരിനായില്ല. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറുകൾ ഉറപ്പാക്കുന്നതിന് പകരം വലിയ രീതിയിൽ കടം വരുത്തിവെക്കുകയാണ് അവർ ചെയ്തത്. കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ബന്ധം വഷളാക്കിയത് ആരാണെന്ന് മുൻ വൈദ്യുതി മന്ത്രി തന്നെ മുൻപ് സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗം വളരെ കൂടുതലാണ്. പകൽ സമയങ്ങളിൽ സോളാർ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലേക്ക് ശേഖരിച്ചുവെക്കാൻ നിലവിൽ സംവിധാനമില്ലാത്തതാണ് പ്രധാന തിരിച്ചടി. ഇതിന് പരിഹാരമായി വലിയ തോതിലുള്ള ‘ബാറ്ററി എനർജി സ്റ്റോറേജ്’ സംവിധാനം സർക്കാർ പരിഗണിക്കുകയാണ്.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ച് പുതിയ ഊർജ്ജ പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. നിയമപരമായ തുടർനടപടികൾക്കായി ഇന്ന് അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തുമെന്നും, വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
The power crisis cannot be resolved simply by flipping a switch; it is a failure of the previous government, says Minister Sunny Joseph.















