വ്യാപാര ചര്‍ച്ചകള്‍ക്കായി പാക് ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്കെന്ന് ട്രംപ്, ഇന്ത്യയുമായി കരാറിന് വളരെ അടുത്തെന്നും ട്രംപ്‌

വാഷിംഗ്ടണ്‍ : വ്യാപാര ചര്‍ച്ചകള്‍ക്കായി പാക് ഉദ്യോഗസ്ഥര്‍ അമേരിക്ക സന്ദര്‍ശിക്കുന്നുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീരുവ സംബന്ധിച്ച ഒരു കരാറിനായി പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധികള്‍ അടുത്ത ആഴ്ച അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്. ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ യുഎസ് വളരെ അടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സൈനിക നടപടികളില്‍ ഏര്‍പ്പെട്ടാല്‍ ഇന്ത്യയുമായോ പാകിസ്ഥാനുമായോ ഒരു വ്യാപാര കരാറിലും ഏര്‍പ്പെടാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞെന്ന് ട്രംപ് ആവര്‍ത്തിച്ചു.

‘അടുത്ത ആഴ്ച പാകിസ്ഥാന്‍ പ്രതിനിധികള്‍ വരുന്നു. ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ വളരെ അടുത്താണ്. അവര്‍ പരസ്പരം യുദ്ധത്തിലാണെങ്കില്‍ ഇരു രാജ്യങ്ങളുമായി ഒരു കരാറിലും ഏര്‍പ്പെടാന്‍ എനിക്ക് താല്‍പ്പര്യമില്ല…’- ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു.