
അബുദാബി: ഇറാനുമായുള്ള ആണവ കരാറിനായി തന്‍റെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഒരു ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ നിർദ്ദേശത്തിൽ ഇറാൻ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്, അല്ലെങ്കിൽ എന്തെങ്കിലും മോശം സംഭവിക്കും എന്ന് ഇറാനിന് അറിയാമെന്നും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്ന് യുഎസിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ആണവ കരാർ ഉറപ്പിക്കുന്നതിലേക്ക് യുഎസ് അടുത്തു കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്‍റ് ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ നീക്കിയാൽ ടെഹ്‌റാൻ യുഎസുമായി ഒരു കരാറിൽ ഒപ്പുവെക്കുമെന്ന് ഒരു ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥൻ ഈ ആഴ്ച സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച ആദ്യം നടത്തിയ പ്രസ്താവനകളിൽ, ഒരു കരാറുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ചാൽ രാജ്യം കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതാണ്.
“എനിക്ക് ഇറാനുമായി ഒരു കരാർ ഉണ്ടാക്കാൻ കഴിഞ്ഞാൽ, ഞാൻ വളരെ സന്തോഷവാനായിരിക്കും,” ചൊവ്വാഴ്ച യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. ഇറാന്‍റെ നേതൃത്വം ഈ ഒലിവ് ചില്ല നിരസിക്കുകയും അവരുടെ അയൽക്കാരെ ആക്രമിക്കുന്നത് തുടരുകയും ചെയ്താൽ, കടുത്ത പരമാവധി സമ്മർദ്ദം ചെലുത്തുകയല്ലാതെ മറ്റ് മാർഗ്ഗമില്ല എന്നായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്.