വീണ്ടും തിരിച്ചടി; കാലിഫോര്‍ണിയയില്‍ ‘കുറ്റകൃത്യങ്ങള്‍ നേരിടാന്‍’ സൈന്യത്തെ ഉപയോഗിക്കുന്നതില്‍ നിന്ന് ട്രംപിനെ തടഞ്ഞ് യു.എസ് ജഡ്ജി

കാലിഫോര്‍ണിയ: ഷിക്കാഗോ ഉള്‍പ്പെടെയുള്ള കൂടുതല്‍ യുഎസ് നഗരങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. കാലിഫോര്‍ണിയയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ സൈന്യത്തെ ഉപയോഗിക്കുന്നതില്‍ നിന്ന് ട്രംപിന്റെ ഭരണകൂടത്തെ ചൊവ്വാഴ്ച ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞു.

വിധി യുഎസ് മണ്ണില്‍ സൈന്യത്തിന്റെ പങ്ക് വിപുലീകരിക്കാനുള്ള ട്രംപിന്റെ ശ്രമത്തിന് തിരിച്ചടിയായി. സൈനികരും സാധാരണ പൗരന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന നീക്കമായിരുന്നു ഇതിലൂടെ ട്രംപ് ഭരണകൂടം നടത്തിയിരുന്നത്. അതേസമയം, ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ സെപ്റ്റംബര്‍ 12 വരെ ഈ വിധി പ്രാബല്യത്തില്‍ വരില്ല. ദേശീയതലത്തിലല്ല, കാലിഫോര്‍ണിയയിലെ സൈന്യത്തിന് മാത്രമേ ഈ നിരോധനം ബാധകമാകൂ.

ആഭ്യന്തര നിര്‍വ്വഹണത്തിനായി സൈന്യത്തിന്റെ ഉപയോഗം കര്‍ശനമായി പരിമിതപ്പെടുത്തുന്ന പോസ് കോമിറ്റാറ്റസ് ആക്റ്റ് (Posse Comitatus Act) എന്നറിയപ്പെടുന്ന ഒരു നിയമം ട്രംപ് ഭരണകൂടം മനഃപൂര്‍വ്വം ലംഘിച്ചുവെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ചാള്‍സ് ബ്രെയര്‍ കണ്ടെത്തി. പോസ് കോമിറ്റാറ്റസ് ആക്റ്റ് എന്നത് 1878-ല്‍ പാസാക്കിയ ഒരു യുഎസ് ഫെഡറല്‍ നിയമമാണ്. ഇത് കോണ്‍ഗ്രസ് വ്യക്തമായി അനുമതി നല്‍കാത്തിടത്തോളം കാലം, അമേരിക്കന്‍ സൈന്യത്തെയും എയര്‍ഫോഴ്സിനെയും സാധാരണ സിവില്‍ നിയമ നിര്‍വ്വഹണത്തിനോ നിയമം നടപ്പിലാക്കുന്നതിനോ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. ഈ നിയമം സൈന്യത്തിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നത്.

ജൂണില്‍ ഭരണകൂടം ലോസ് ഏഞ്ചല്‍സിലേക്ക് 4,000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെയും 700 സജീവ യുഎസ് മറൈന്‍മാരെയും വിന്യസിച്ചു. ഇത് ലോസ് ഏഞ്ചല്‍സില്‍ വലിയ പ്രതിഷേധങ്ങല്‍ക്കും വ്യാപക അറസ്റ്റിനും കാരണമായിരുന്നു. എന്നാല്‍, ലോസ് ഏഞ്ചല്‍സിലെ അധിക സൈനിക വിന്യാസം ക്രമസമാധാനം പുനഃസ്ഥാപിച്ചതായും കൂടുതല്‍ നഗരങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ അദ്ദേഹത്തിന് നീക്കമുണ്ടെന്നും ട്രംപ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അടുത്തത് ഷിക്കാഗോ ആണെന്നും ഷിക്കാഗോ ഇപ്പോള്‍ ഒരു നരകമാണെന്നും ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide