ഗൾഫ് രാജ്യങ്ങളുടെ സംശയങ്ങൾ അകലുന്നില്ല, ഇറാൻ കരാറുമായി യുഎസ് വിദേശകാര്യ സെക്രട്ടറി യുഎഇയിലെത്തി, ഗൾഫ് രാജ്യങ്ങളുടെ ആശങ്കയകറ്റാൻ പരിശ്രമം

വാഷിംഗ്ടൺ: ഇറാൻ ആണവ-വാണിജ്യ കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നു. കരാറിനെ ഏറ്റവും കൂടുതൽ സംശയത്തോടെ വീക്ഷിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, കുവൈറ്റ് എന്നീ മൂന്ന് പ്രധാന രാജ്യങ്ങളെ അനുകൂല നിലപാടിലേക്ക് എത്തിക്കുക എന്ന കഠിനമായ ദൗത്യവുമായാണ് അദ്ദേഹത്തിന്റെ സന്ദർശനം. യുദ്ധകാലത്ത് ഇറാന്റെ പ്രധാന ലക്ഷ്യങ്ങളായി മാറിയ രാജ്യങ്ങളാണിവ. എന്നാൽ യുദ്ധത്തിന്റെ അവസാന നാളുകളിൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കാര്യമായ കുറവുണ്ടായിരുന്നു. റൂബിയോ യു എ ഇയിൽ എത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കുവൈറ്റിന്റെ പദവി ഏറെ ആശങ്കാജനകമാണ്. അമേരിക്കയുടെ ഉറച്ച സഖ്യകക്ഷിയായ കുവൈറ്റ് അതിന്റെ വരുമാനത്തിനായി പൂർണ്ണമായും എണ്ണ കയറ്റുമതിയെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സങ്ങൾ യുഎഇയേക്കാൾ കൂടുതൽ ബാധിക്കുക കുവൈറ്റിനെയായിരിക്കും. കാരണം അവരുടെ എല്ലാ സമുദ്ര എണ്ണ കയറ്റുമതിയും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. അയൽരാജ്യങ്ങളെപ്പോലെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കുവൈറ്റിനില്ലാത്തതും, ഇറാന്റെ ഹ്രസ്വദൂര മിസൈലുകളുടെ പരിധിക്കുള്ളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത് എന്നതും ഭീതി വർദ്ധിപ്പിക്കുന്നു.

യുദ്ധം അവസാനിച്ചതിനെ ഗൾഫ് രാജ്യങ്ങൾ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, യുഎസ്-ഇറാൻ ധാരണാപത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നടക്കുന്ന ചർച്ചകളിൽ ഇവരെ ബോധ്യപ്പെടുത്തുക എന്നത് റൂബിയോയ്ക്ക് വലിയ വെല്ലുവിളിയാകും. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം മേൽനോട്ടം വഹിക്കാൻ ഒമാനോടൊപ്പം ഇറാനും ഔദ്യോഗിക പദവി നൽകുന്നതാണ് പുതിയ കരാർ. അന്താരാഷ്ട്ര ജലപാതകളുടെ ചരിത്രത്തിൽ ഇതൊരു അപൂർവ്വ ക്രമീകരണമാണ്. ഇതിനർത്ഥം ഗൾഫ് രാജ്യങ്ങളുടെ ഭൂരിഭാഗം സമുദ്രവ്യാപാരവും ഇറാന്റെ മേൽനോട്ടത്തിലാകും നടക്കുക എന്നതാണ്.

കൂടാതെ, തങ്ങൾക്ക് വലിയ ഭീഷണിയായ ഇറാന്റെ മിസൈൽ പ്രോഗ്രാമിനെക്കുറിച്ച് ഈ കരാറിൽ എവിടെയും പരാമർശിക്കുന്നില്ല എന്നതും അറബ് രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നു. ഇറാന്റെ ആണവ പ്രവർത്തനങ്ങളെക്കാൾ അടിയന്തിരമായി പരിഹരിക്കേണ്ട ഒന്നായാണ് അവർ ഇതിനെ കാണുന്നത്. താൽക്കാലിക ക്രമീകരണമായതിനാൽ ആണവ പ്രശ്നം ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെടാതെ തുടരുകയുമാണ്.

ഏറ്റവും പ്രധാനമായി, ഇറാന്റെ പുനർനിർമ്മാണത്തിനായി മുന്നോട്ട് വെച്ച മുന്നൂറ് ബില്യൺ ഡോളറിന്റെ ഫണ്ട് കൂടി ഉൾപ്പെടുത്തിയാലേ കരാറുമായി സഹകരിക്കൂ എന്ന് ഇറാൻ നിർബന്ധം പിടിച്ചിട്ടുണ്ട്. ഇതിനായി ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം നൽകാമെന്ന് ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ ധനസഹായത്തിന് ഗൾഫ് രാജ്യങ്ങൾ ഔദ്യോഗികമായി ഇതുവരെ സമ്മതം മൂടിയിട്ടില്ല. ഈ പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. എന്നാൽ ഖത്തർ ഇതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ഒരു വാഗ്ദാനവും ഇതുവരെ നൽകിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം ഏറെ നിർണ്ണായകമാകും.

More Stories from this section

family-dental
witywide