
ടെഹ്റാൻ: വർഷങ്ങളായുള്ള ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികൾക്കും അന്താരാഷ്ട്ര ഉപരോധങ്ങൾക്കും ശേഷം നയതന്ത്ര ചർച്ചകളിൽ വലിയൊരു നേട്ടം കൈവരിച്ചതായി അവകാശപ്പെട്ട് ഇറാൻ. യുഎസ് ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ പുറപ്പെടുവിച്ച പുതിയ ഇളവുകൾ പ്രകാരം ഇറാന്‍റെ എണ്ണ കയറ്റുമതിക്ക് മേലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. വരുന്ന ഓഗസ്റ്റ് ഇരുപത്തിയൊന്ന് വരെയാണ് ഈ ഇളവുകൾക്ക് കാലാവധിയുള്ളത്.
ഉപരോധങ്ങൾ നീക്കിയത് തങ്ങളുടെ വലിയൊരു നയതന്ത്ര വിജയമായാണ് ഇറാൻ നിലവിൽ വിലയിരുത്തുന്നത്. എന്നാൽ, മുൻപ് മരവിപ്പിച്ച ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കണം എന്നതുമായി ബന്ധപ്പെട്ട് ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. അതേസമയം, മേഖലയിലെ നയതന്ത്ര ബന്ധങ്ങളിൽ ശുഭസൂചനകൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ വ്യാപാരം പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ സജീവമാണെന്ന് ഒമാനും ഇറാനും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. വ്യാപാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാണ് ഈ നീക്കമെങ്കിലും അന്താരാഷ്ട്ര ജലപാത എപ്പോൾ പൂർണ്ണമായി തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ ധാരണയായിട്ടില്ല. കടലിടുക്ക് ഔദ്യോഗികമായി തുറക്കുന്നത് വരെ ജലപാതയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് കപ്പലുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.














