അമേരിക്കൻ സൈനിക സഹായം അവസാനിക്കാനിരിക്കെ നെതന്യാഹുവിന്‍റെ പ്രഖ്യാപനം, ആയുധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത വേണം

ടെൽ അവീവ്: അമേരിക്ക നൽകിവരുന്ന കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായ കരാർ കാലാവധി അവസാനിക്കാനിരിക്കെ, ആയുധ നിർമ്മാണത്തിൽ ഇസ്രായേൽ പൂർണ്ണമായ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശത്തുള്ള റിസർവ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആയുധങ്ങളുടെ കാര്യത്തിൽ ഇസ്രായേലിന് സ്വന്തമായ സ്വാതന്ത്ര്യം വേണം. അമേരിക്കൻ സുഹൃത്തുക്കളിൽ നിന്ന് വർഷങ്ങളായി നമുക്ക് ലഭിക്കുന്ന പിന്തുണയെ ഞാൻ ഏറെ വിലമതിക്കുന്നു. എന്നാൽ ഇന്ന് എനിക്ക് പറയാനുള്ളത്, നമുക്ക് സ്വന്തമായി ഒരു സ്വതന്ത്ര ആയുധ സംവിധാനം ഉണ്ടായിരിക്കണം എന്നാണ്. നമ്മുടെ ആയുധങ്ങൾ നമ്മൾ തന്നെ നിർമ്മിക്കണം,” നെതന്യാഹു വ്യക്തമാക്കി.

ഗാസ, ലെബനൻ യുദ്ധങ്ങളെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ നേരിടുന്ന ഒറ്റപ്പെടൽ വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ നെതന്യാഹു സമ്മതിച്ചിരുന്നു. അന്ന് ഇസ്രായേൽ സ്വന്തമായി പ്രതിരോധ വ്യവസായം വികസിപ്പിക്കുമെന്നും പുരാതന ഗ്രീസിലെ ജനാധിപത്യ സംസ്കാരത്തിന്റെ പ്രതീകമായ ‘ഏഥൻസും’ യുദ്ധവീര്യത്തിന്റെ പ്രതീകമായ ‘സൂപ്പർ സ്പാർട്ടയും’ ഒത്തുചേരുന്ന ഒരു രാജ്യമായി ഇസ്രായേൽ മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

2018-ൽ ഒപ്പുവെച്ച 10 വർഷത്തെ ധാരണാപത്ര പ്രകാരം പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക ഇസ്രായേലിന് നൽകുന്നത്. ഈ തുകയുടെ ഭൂരിഭാഗവും യുഎസ് ആയുധ നിർമ്മാതാക്കളിൽ നിന്ന് തന്നെ ആയുധങ്ങൾ വാങ്ങാനാണ് ഇസ്രായേൽ ഉപയോഗിക്കേണ്ടത്. ഈ കരാറിന്റെ കാലാവധി 2028-ൽ അവസാനിക്കും. എന്നാൽ, നിലവിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേലിനുള്ള പിന്തുണയുമായി ബന്ധപ്പെട്ട് വലിയ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്.

ഡെമോക്രാറ്റിക് പാർട്ടി നെതന്യാഹു സർക്കാരിന്റെ യുദ്ധനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ യുവനേതാക്കൾക്കിടയിലും ഇസ്രായേലിനോടുള്ള എതിർപ്പ് വർദ്ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള 10 വർഷത്തെ സുരക്ഷാ സഹകരണ കരാറിന് പകരം പുതിയൊരു സംവിധാനം രൂപീകരിക്കുന്നതിനായി ട്രംപ് ഭരണകൂടവുമായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വരും ദശകത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.

More Stories from this section

family-dental
witywide