ലോകത്തിന് ആശ്വാസം, ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് സുപ്രധാന നീക്കം; ഒമാനും ഇറാനും സംയുക്ത സമിതി രൂപീകരിച്ചു

മസ്‌കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാനും ഒമാനും സംയുക്ത സമിതി രൂപീകരിച്ചതായി ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഗർ ഗാലിബാവ് അറിയിച്ചു. ഇറാന്റെ ഉന്നതതല പ്രതിനിധി സംഘം ഒമാൻ തലസ്ഥാനമായ മസ്‌കറ്റ് സന്ദർശിച്ചതിന് ശേഷമാണ് ഈ തീരുമാനം. സമിതിയുടെ കൂടുതൽ വിവരങ്ങൾ അടങ്ങിയ സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം തന്റെ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.

സമീപകാലത്തുണ്ടായ യുഎസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇറാന്റെ പ്രതിനിധികളുമായി വിശദമായി ചർച്ച ചെയ്തതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും കടലിടുക്കിലൂടെയുള്ള സുരക്ഷിതവും നികുതിരഹിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

യുഎസും ഇറാനും തമ്മിലുള്ള കരാറിനെക്കുറിച്ചുള്ള അവ്യക്തതകളും കടലിടുക്കിൽ പതിറ്റാണ്ടുകളായി അവശേഷിക്കുന്ന മൈനുകളുടെ സാന്നിധ്യവും കാരണം പ്രമുഖ ഷിപ്പിങ് കമ്പനികൾ ഇപ്പോഴും ഈ വഴി കപ്പലുകൾ അയക്കുന്നതിൽ കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. എങ്കിലും, മുൻപത്തെ അപേക്ഷിച്ച് ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ക്രമാനുഗതമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇത് എത്തിയിട്ടില്ല. കപ്പൽ ഗതാഗതത്തിനിടയിൽ ഉണ്ടാകാനിടയുള്ള ഏത് തരത്തിലുള്ള തെറ്റിദ്ധാരണകളും ഒഴിവാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഹോർമുസ് കടലിടുക്കിൽ ഒരു ‘ഹോട്ട്‌ലൈൻ’ സംവിധാനം സ്ഥാപിക്കാൻ ഇറാനും യുഎസും ധാരണയിലെത്തിയതായും മുഹമ്മദ് ബാഗർ ഗാലിബാവ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide