
വാഷിംഗ്ടണ്‍: മയക്കു മരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് വെനിസ്വേലയുടെ തീരത്ത് ഒരു കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ച് തകര്‍ത്തു. ട്രെന്‍ ഡി അരാഗ്വ എന്ന വിദേശ തീവ്രവാദ സംഘത്തിന്റെ കപ്പലായിരുന്നു അതെന്നും 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതാും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ജലപാതയിലൂടെ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി ബന്ധമുള്ള മയക്കുമരുന്ന് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു.
‘ഇന്ന് രാവിലെ, എന്റെ ഉത്തരവനുസരിച്ച്, ട്രെന്‍ ഡി അരാഗ്വ മയക്കുമരുന്ന് തീവ്രവാദികള്‍ക്കെതിരെ യുഎസ് സൈനിക സേന ഒരു കൃത്യമായ ആക്രമണം നടത്തി,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ‘ടിഡിഎ ഒരു നിയുക്ത വിദേശ തീവ്രവാദ സംഘടനയാണ്, കൂട്ടക്കൊല, മയക്കുമരുന്ന് കടത്ത്, ലൈംഗിക കടത്ത് എന്നിവ നടത്തുന്നു. നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘടന. ആക്രമണത്തില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തില്‍ ഒരു യുഎസ് സേനയ്ക്കും പരിക്കില്ല,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുഎസിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞു. ‘ദയവായി ഇത് അമേരിക്കയിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആര്‍ക്കും ഒരു മുന്നറിയിപ്പായിരിക്കട്ടെ ഇത്, സൂക്ഷിക്കുക!’- ട്രംപ് കുറിച്ചു.
കരീബിയനില്‍ ഒരു വലിയ യുഎസ് നാവിക സേന നിലവില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 4,500-ലധികം മറൈന്‍ സൈനികരും നാവികരും ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച നാല് ഡിസ്‌ട്രോയറുകളും ഇവിടെയുണ്ട്.
അതേസമയം, അമേരിക്ക തന്റെ സര്‍ക്കാരിനെതിരെ സൈനിക നടപടി ശക്തമാക്കുകയാണെന്ന് മഡുറോ ആരോപിച്ചു. ട്രംപിന്റെ ഭരണകൂടം ‘സൈനിക ഭീഷണിയിലൂടെ ഭരണമാറ്റത്തിന് ശ്രമിക്കുകയാണെന്നായിരുന്നു മഡുറോ ആരോപിച്ചത്. ഏത് ഏറ്റുമുട്ടലിനോടും പ്രതികരിക്കാന്‍ വെനിസ്വേലയുടെ സായുധ സേന സജ്ജമാണ് എന്നും അദ്ദേഹം പറഞ്ഞു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഒരു പോസ്റ്റില്‍, ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് അഭയം നല്‍കിയതിന് മഡുറോയെ ട്രംപ് നേരിട്ട് കുറ്റപ്പെടുത്തി. വെനിസ്വേലന്‍ നേതാവ് അക്രമാസക്തരായ ട്രെന്‍ ഡി അരാഗ്വ കാര്‍ട്ടലിനെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു, ആ സംഘം ‘നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് പറഞ്ഞു. മഡുറോയുടെ അറസ്റ്റിന് സാധുവാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് 50 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.














