
ന്യൂജേഴ്സി: വിശ്വാസത്തിന്റെയും ദൈവംശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പാസ്റ്ററും ഭാര്യയും ചേര്‍ന്ന് ഒരുകൂട്ടം വിശ്വാസികളോട് ചെയ്തത് ക്രൂരത. ന്യൂജേഴ്സിയില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പാസ്റ്റര്‍ ട്രെവ എഡ്വേര്‍ഡ്സും ഭാര്യ ക്രിസ്റ്റീനും ചേര്‍ന്ന് ഒരു പതിറ്റാണ്ടോളം പള്ളി അംഗങ്ങളെ അടിമപ്പണിക്കും ലൈംഗിക ബന്ധത്തിനും നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. തങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ ദൈവം അവരെ ശിക്ഷിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ക്രൂരതയെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
60 കാരനായ പാസ്റ്ററും 63 വയസ്സുള്ള ഭാര്യയും ചേര്‍ന്ന് നിരവധിപേരെ വിശ്വാസ ജീവിതത്തിലേക്ക് ആകര്‍ഷിക്കുകയും ഭക്ഷണവും ഉറക്കവും നിഷേധിക്കുകയും കഠിനമായ ജോലി ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ന്യൂജേഴ്സിയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പറഞ്ഞു. പാസ്റ്റര്‍ ഒരു സ്ത്രീയെ ‘ആവര്‍ത്തിച്ചുള്ള ശാരീരികവും ലൈംഗികവുമായ ആക്രമണങ്ങള്‍ക്ക്’ വിധേയമാക്കുകയും, ഗര്‍ഭിണിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടുവെന്നും ഇതെല്ലാം ദൈവഹിതമാണെന്ന് ആ സ്ത്രീയോടും സമാന പീഡനം നേരിടേണ്ടിവന്ന മറ്റ് ഇരകളോടും പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
‘പ്രതികള്‍ ഇരകളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും അവരുടെ ആശയവിനിമയങ്ങളും മറ്റും നിരീക്ഷിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരെല്ലാം ദുഷ്ടന്മാരാണെന്നും പിശാചിന്റെ പിടിയിലാണെന്നും അവരെ പറഞ്ഞുവിശ്വസിപ്പിക്കുകയും ചെയ്തു. തങ്ങള്‍ അടിമകളാക്കിവെച്ചിരുന്നവരെ മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുകയും അവര്‍ ശമ്പളമായി ലഭിക്കുന്ന തുക ഇരുവരും കൈക്കലാക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.














